കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ബൈപാസിലൂടെ പോയിരുന്ന വാഹനങ്ങളെല്ലാം നഗരത്തിലൂടെ കടത്തിവിടുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരം ഗതാഗതക്കുരുക്കിലാണെന്നും തിരക്കുകൊണ്ട് ശ്വാസം മുട്ടുന്ന അവസ്ഥയിലാണെന്നും ഇക്കാര്യത്തിൽ കളക്ടർ അടിയന്തരമായി ഇടപെടണമെന്നും എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേശീയപാത അധികൃതരും നിർമ്മാണ കരാറുകാരും തന്നിഷ്ടപ്രകാരം ഓരോ ദിവസവും വാഹനങ്ങൾ മുന്നറിയിപ്പ് പോലുമില്ലാതെ വ്യത്യസ്തമായ റോഡുകളിലൂടെ തിരിച്ചു വിടുകയാണ്. എന്നാൽ ഈ ഗതാഗത ക്രമീകരണങ്ങൾ ജനപ്രതിനിധികളുമായോ നഗരസഭാ അധികൃതരുമായോ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുമായോ ചർച്ച ചെയ്യാൻ പോലും ഇവർ തയ്യാറാകുന്നില്ല. നഗരത്തിലൂടെയുള്ള യാത്ര അനുദിനം ദുഷ്‌കരമാവുകയാണ്. പാലിയേക്കര ടോൾ ഒഴിവാക്കുന്നതിനായി വലിയ ചരക്കുവാഹനങ്ങൾ കൊടുങ്ങല്ലൂർ നഗരം വഴി കടന്നു പോവുകയാണ്. ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം വഴി ശബരിമലയിലേയ്ക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകരുടെ വാഹനങ്ങളും ഏറിവരികയാണ്. കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള തിരക്കു കൂടി വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരം വീർപ്പുമുട്ടുന്ന അവസ്ഥയിലാകും. ആയതിനാൽ ഇക്കാര്യത്തിൽ കാര്യക്ഷമമായ തരത്തിൽ ഗതാഗത സംവിധാനം ക്രമീകരിക്കുന്നതിന് ജനപ്രതിനിധികളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ.ആർ. ജൈത്രൻ, സി.സി. വിപിൻചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.