കാഞ്ഞാണി : ഏനാമാവ് പെരിങ്ങോട്ടുകര ചെത്ത് തൊഴിലാളി യൂനിയന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു വരുന്ന പരിപാടികളുടെ സമാപന സമ്മേളനം ജനുവരി 1, 2 തീയതികളിൽ അന്തിക്കാട് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ടി.കെ. മാധവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി. സന്ദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്മൃതി സദസുകൾ, സെമിനാർ, 32 പൂർവകാല യൂനിയൻ നേതാക്കളെ ആദരിക്കൽ, ക്വിസ്, ഉപന്യാസ മത്സരം, ചരിത്രഗ്രന്ഥ പ്രകാശനം, സാംസ്‌കാരിക സംഗമം, കലാ പരിപാടികൾ, പൊതുസമ്മേളനം എന്നിവയാണ് നടത്തുന്നത്. ഒന്നിന് രാവിലെ 10ന് ചടയമുറി സ്മാരക അങ്കണത്തിൽ നടക്കുന്ന സെമിനാർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രണ്ടിന് വൈകിട്ട് 4ന് അന്തിക്കാട് സെലിബ്രേഷൻ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർ ജിത്ത് കൗർ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ട്രഷറർ സി.ആർ. മുരളീധരൻ, കെ.എം. ജയദേവൻ എന്നിവരും പങ്കെടുത്തു.