
മറ്റത്തൂർ : ചുങ്കാലിൽ ജനിച്ചു വളർന്ന് ആരോരും ഇല്ലാത്ത എഴുപത്തിനാലുകാരൻ രാമൻ അവസാനം ഇന്ത്യൻ പൗരനായി. ആധാർകാർഡും, റേഷൻ കാർഡും ഉൾപ്പെടെയുള്ള രേഖകളും സ്വന്തമായി. ഉറ്റവരാരും ഇല്ലാത്ത രാമൻ ഈ കാലത്തിനിടയ്ക്ക് ഒരിക്കൽ പോലും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടില്ല. സ്വന്തമായി വീട് വേണമെന്നോ സർക്കാരിന്റെ ആനുകൂല്യം ലഭിക്കണമെന്ന ആഗ്രഹമോ ഇല്ലാതിരുന്ന രാമന് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു.
ആരും ഇക്കാര്യങ്ങൾ രാമനെ ഓർമ്മപ്പെടുത്തിയുമില്ല. വർഷങ്ങളായി ചുങ്കാലിലെ ഒരു ചായക്കടയിൽ ജീവനക്കാരനായ രാമന്റെ താമസവും ചായക്കട തന്നെയായിരുന്നു. രാമനെ കുറിച്ച് മനസിലാക്കിയ പഞ്ചായത്ത് അംഗം ബിന്ദു മനോജാണ് രാമന്റെ സാഹചര്യം മനസിലാക്കി സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ ഉൾപെടുത്തി തിരിച്ചറിയൽ രേഖകളും ക്ഷേമ പെൻഷനും ലഭ്യമാക്കാൻ പരിശ്രമിച്ചത്. ഈ മാസത്തെ ക്ഷേമ പെൻഷനായ 1600 രൂപ ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി കൈമാറിയപ്പോൾ അതുവരെ നിർവികാരനായി നിന്ന രാമന്റെ കണ്ണിൽ ആനന്ദാശ്രു നിറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എസ്.നിജിൽ, അംഗം ബിന്ദു മനോജ്, വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം വിജിത്ത് വർഗ്ഗീസ്, മനോജ് ചുങ്കാൽ എന്നിവർ പങ്കെടുത്തു.