തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സുനാമി കോളനിയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ അർഹതയുള്ളവരെ കണ്ടെത്തി നൽകാൻ ജില്ലാ വികസന സമിതിയുടെ നിർദ്ദേശം. എത്രയും പെട്ടെന്ന് അർഹരായവർക്ക് വീട് നൽകണമെന്നും അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കണമെന്നും എൻ.കെ അക്ബർ എം.എൽ.എ ആവശ്യപ്പെട്ടു.
ചാവക്കാട് മിനി സിവിൽ സ്റ്റേഷനിൽ ഒഴിഞ്ഞുകിടക്കുന്ന ഓഫീസ് മുറികൾ സ്വന്തം കെട്ടിടമില്ലാതെ പ്രവർത്തിക്കുന്ന ഓഫീസുകൾക്ക് നൽകണമെന്നും അഴീക്കോട് ഫിഷറീസ് വകുപ്പിലെ ബന്ധപ്പെട്ട ജീവനക്കാർ ആഴ്ചയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തണമെന്നും ആവശ്യപ്പെട്ടു. വടക്കാഞ്ചേരി മണ്ഡലത്തിലെ അംബേദ്കർ കോളനി ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം വേഗം പരിഹരിക്കുന്നത് വേഗത്തിലാക്കാൻ എൽ.ആർ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി.
വടക്കാഞ്ചേരി മണ്ഡലത്തിൽ നഗരസഞ്ചിക പദ്ധതിയിൽ ഉൾപ്പെട്ട ടാങ്ക് നിർമ്മാണം പൂർത്തിയാക്കണമെന്നും മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ കിള്ളന്നൂർ വില്ലേജിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എആവശ്യപ്പെട്ടു. എം.പി ഫണ്ടിൽ 22 ഹൈമാസ്റ്റുകൾക്ക് പ്രൊപ്പോസൽ നൽകിയതിന് പി.ഡബ്ല്യു.ഡിയുടെ എൻ.ഒ.സി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി കെ. അജിത്ത് കുമാർ ഉന്നയിച്ച വിഷയത്തിൽ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേരും.
എ.ഡി.എം ടി മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ പ്രതിനിധി പ്രസാദ്, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവരും പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
ചാവക്കാട് താലൂക്കാശുപത്രിയിൽ വനിതാ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം, പോസ്റ്റ്‌മോർട്ടം ആരംഭിക്കണം.
- എൻ.കെ. അക്ബർ എം.എൽ.എ
വടക്കാഞ്ചേരി മണ്ഡലത്തിലെ അംബേദ്കർ കോളനി ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം വേഗം പരിഹരിക്കണം.
- സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുക്കാട് നിർമ്മിക്കുന്ന കോടാലി വെള്ളിക്കുളങ്ങര റോഡുമായി ബന്ധപ്പെട്ട സർവേ നടപടികൾ വേഗത്തിലാക്കണം.
കെ.കെ. രാമചന്ദ്രൻ എം.എൽ. എ