തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ഈ വർഷം തുറക്കാനിരിക്കെ, തൃശൂർ മൃഗശാലയിലെ അവസാന ക്രിസ്മസ് അവധി സീസണിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. ഡിസംബർ 22 മുതൽ 30 വരെ ടിക്കറ്റ് ഇനത്തിൽ കിട്ടിയത് 5,83,860 രൂപ. ക്രിസ്മസ് ദിനം തിങ്കളാഴ്ചയായതിനാൽ മുൻ വർഷങ്ങളേക്കാൾ നേരിയ കുറവുണ്ടായി.
തിങ്കളാഴ്ച മൃഗശാലകൾക്ക് അവധിദിനമാണ്. ക്രിസ്മസ് ആയതിനാൽ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പക്ഷേ, മൃഗശാലയ്ക്ക് അവധിയില്ലെന്നത് അറിയാത്തതിനാൽ സഞ്ചാരികൾ കുറഞ്ഞു. കഴിഞ്ഞ വേനലവധിക്കാലത്ത് 40 ദിവസം കിട്ടിയതിനേക്കാൾ കൂടുതലാണ് ഏഴുദിവസം കൊണ്ട് ക്രിസ്മസ് കാലത്ത് ലഭിച്ചത്.
കാലാവസ്ഥ അനുകൂലമാകുകയും വിനോദസഞ്ചാരമേഖല മുൻവർഷത്തേക്കാൾ സജീവമാകുകയും ചെയ്തതോടെ വടക്കൻജില്ലകളിൽ നിന്നും തമിഴ്‌നാട് അടക്കമുളള സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് തൃശൂർ മൃഗശാല കാണാനെത്തിയത്. പുത്തൂരിലേക്ക് കൊണ്ടുവരേണ്ടതിനാൽ മാസങ്ങളായി തൃശൂർ മൃഗശാലയിലേക്ക് മൃഗങ്ങളെ കൊണ്ടുവരാറില്ല. എങ്കിലും തിരക്ക് കൂടുകയായിരുന്നു.
ആധുനിക മ്യൂസിയം, സാംസ്‌കാരികസമുച്ചയം...
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ, ചെമ്പൂക്കാവിലെ മൃഗശാലയിൽ ആധുനിക മ്യൂസിയത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം, നാടകങ്ങൾ അടക്കമുളള കലാസാംസ്‌കാരികപരിപാടികൾ അവതരിപ്പിക്കാനുളള സാംസ്‌കാരിക സമുച്ചയമാക്കി മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഇപ്പോഴുള്ള മ്യൂസിയത്തിൽ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിന് ഒട്ടേറെ സൗകര്യക്കുറവുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപേ കൂട്ടിയിട്ട രീതിയിലാണ് പ്രദർശന വസ്തുക്കളുള്ളത്.
നൂറ്റാണ്ട് പിന്നിട്ട പെരുമയും ചരിത്രവുമുളള മൃഗശാല ഇനി ഏതാനും മാസം മാത്രമേ ഉണ്ടാകൂ. ഈ വേനലവധിക്കാലം കൂടി കഴിഞ്ഞാൽ മൃഗശാല മിക്കവാറും ഓർമ്മയാകും. നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ 1885ൽ പ്രവർത്തനം ആരംഭിച്ച മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഒന്നാണ്. ദക്ഷിണേന്ത്യയിലെ തന്നെ വിനോദസഞ്ചാരകേന്ദ്രമായി വളർന്ന മൃഗശാല അങ്കണത്തിൽ പ്രകൃതിചരിത്ര കാഴ്ചബംഗ്ലാവും ശക്തൻതമ്പുരാൻ അടക്കം ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. പാമ്പുകളെ വളർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മ്യൂസിയവുമുണ്ട്.
ക്രിസ്മസ് അവധിക്കാലത്ത് വൻതിരക്കാണ് മൃഗശാലയിലുണ്ടായത്. മറുനാടുകളിൽ നിന്നുള്ള നിന്നുള്ള വിനാേദസഞ്ചാരികളും കൂടുതലായി എത്തുന്നുണ്ട്.
- ടി.വി. അനിൽകുമാർ, മൃഗശാല സൂപ്രണ്ട്.