
വടക്കാഞ്ചേരി: ആയിരങ്ങൾ പങ്കെടുത്ത വിഷ്ണു സഹസ്രനാമ യഞ്ജത്തോടെ 22-ാം ഭാഗവത തത്ത്വ സമീക്ഷാ സത്രത്തിന് സമാപ്തി. വിഷ്ണു സഹസ്രനാമ സമൂഹ യജ്ഞത്തിൽ പങ്കെടുക്കാൻ കേരളത്തിനകത്ത് നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തർ പാർളിക്കാട് തച്ചനാത്തുകാവ് ദേവീ സന്നിധിയിലെ സത്രവേദിയായ നൈമിഷാരണ്യത്തിൽ എത്തിയിരുന്നു.
സ്വാമിനി ശിവപ്രിയാ മാതാജി തിരി തെളിച്ചു. സ്വാമി ഭൂമാനന്ദതീർഥ യജ്ഞത്തിന്റെ മാഹാത്മ്യവും താത്വികവശവും വിശദീകരിച്ചു. എല്ലാ ഭക്തരും മുന്നിലുള്ള നിലവിളക്കുകൾ തെളിച്ചതോടെ ഹോമ കുണ്ഡത്തിൽ അഗ്‌നി പകർന്നു. വെള്ളിക്കലശത്തിൽ നാണയം നിക്ഷേപിച്ച് ഗംഗാ തീർത്ഥം കൊണ്ട് മന്ത്രാന്വിതമായി സ്വാമി നിർവിശേഷാനന്ദ തീർഥ കുംഭ പൂരണം ചെയ്തു.
സന്ന്യാസി വര്യന്മാർ ചൊല്ലിക്കൊടുത്ത വിഷ്ണു സഹസ്രനാമം ഏറ്റുചൊല്ലി ഭക്തർ സമർപ്പണം നടത്തി. തുടർന്ന് ആരതിയും പ്രസാദ വിതരണവും നടന്നു. സ്വാമി ബ്രഹ്മർഷി ദേവപാലൻ ധ്വജാവാരോഹണം നടത്തിയതോടെ ഭാഗവത തത്ത്വ സമീക്ഷാ സത്രത്തിന് സമാപ്തിയായി.