munci

കുന്നംകുളം: മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ രീതികൾ ആവിഷ്‌ക്കരിക്കാനും നൂതന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളെ കുറിച്ച് പഠിക്കാനുമായി കുന്നംകുളം നഗരസഭ തമിഴ്‌നാട്ടിലെ മധുര കോർപ്പറേഷൻ, ദിണ്ടിഗൽ വാഷ് അക്കാഡമി എന്നിവിടങ്ങളിൽ സന്ദർശിച്ചു. ഖര, ദ്രാവക മാലിന്യങ്ങളെ മികച്ച രീതിയിൽ സംസ്‌കരിച്ചെടുക്കുന്ന സഞ്ചരിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എം.എസ്.ടി.പി), മലിന ജലം ശുദ്ധീകരിച്ചെടുത്ത് കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മധുര കോർപ്പറേഷനിലെ ബൃഹദ് പദ്ധതി എന്നിവയാണ് ചെയർപേഴ്‌സൺ സീത രവീന്ദ്രന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം സന്ദർശിച്ചത്.

സഞ്ചരിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെ കുറിച്ച് ദിണ്ഡിഗലിലെ കോത്തപ്പുള്ളിയിലുള്ള വാഷ് അക്കാഡമിയിൽ (വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീനിക് ഇൻസ്റ്റിറ്റ്യൂട്ട്) എത്തിയാണ് മനസിലാക്കിയത്. എസ്.ടി.പികൾ, മിനി എസ്.ടി.പികൾ എന്നിവ സ്ഥാപിക്കാനായി വേണ്ടിവരുന്ന ഭീമമായ ചെലവ് കുറയ്ക്കാനും ഗാർഹികമായും സ്ഥാപനത്തിലും സാധാരണയായി ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് സഞ്ചരിക്കുന്ന എസ്.ടി.പികൾ. വെളിയിടങ്ങളിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ ഇതിലൂടെ സംസ്‌കരിക്കാം. മലിനജലം വേർതിരിച്ച് ക്ലോറിനേറ്റ് ചെയ്ത് മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

പ്രതിദിനം 2,000 ലിറ്റർ വരെ ഖര, ദ്രവ മാലിന്യം സഞ്ചരിക്കുന്ന എസ്.ടി.പിയിലൂടെ സംസ്‌കരിക്കാനാവുമെന്നതാണ് പ്രത്യേകത. മധുര കോർപ്പറേഷനിലെ പ്രതിദിനം 125 മില്യൺ ലിറ്റർ മലിനജലം ശുദ്ധീകരിച്ച് കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ബൃഹദ് കേന്ദ്രത്തിലേക്കും നഗരസഭാംഗങ്ങൾ സന്ദർശനം നടത്തി. 2011 ൽ 76 കോടി രൂപ ചെലവിലാണ് മധുരൈ കോർപ്പറേഷൻ ഈ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചത്.

മലിനജലം സംഭരിച്ച് പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവയെ വേർതിരിച്ച് ശുദ്ധീകരിച്ച് ടാങ്കുകളിൽ ശേഖരിക്കുകയും തുടർന്ന് ശുദ്ധീകരിച്ച വെള്ളം കാർഷിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റുന്നതുമാണ് ഇവിടുത്തെ പ്രത്യേകത. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം.സുരേഷ്, സജിനി പ്രേമൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, കെ.കെ.മുരളി, വി.കെ.സുനിൽകുമാർ, റീജ സലീൽ, ബിനയ്‌ബോസ്, പി.എ.വിനോദ്, രഞ്ജിത്, ഷീബ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.