തൃശൂർ: നാട് പുതുവർഷത്തിലേക്ക് കടന്നു, പ്രതീക്ഷകളോടെ പുതുകാൽവയ്പ്. പ്രതീക്ഷയോടെ ഒട്ടേറ പദ്ധതികൾ ജില്ലയിൽ ഈവർഷം പൂർത്തീകരിക്കാനുണ്ട്. ഉടൻ പൂർത്തിയാകുമെന്ന് നിരവധിതവണ പ്രഖ്യാപനം നടത്തിയ സുവോളജിക്കൽ പാർക്ക് മുതൽ പ്രവർത്തനം തുടങ്ങി പാതിവഴിയിൽ നിൽക്കുന്ന സംസ്ഥാന പാതകളുടെ നവീകരണം വരെ ഈ വർഷം പൂർത്തീകരിക്കാനുള്ള പദ്ധതികളാണ്.
വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 566ന്റെ പൂർത്തീകരണം, പതിറ്റാണ്ടുകളായി മിനുക്കുപണിയിലിരിക്കുന്ന തൃശൂർ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ, പുഴയ്ക്കലിലെ വ്യവസായ പാർക്ക്, എല്ലാ അക്കാഡമികളെയും കോർത്തിണക്കിയ ഫെസ്റ്റിവൽ തുടങ്ങീ വിവിധ പദ്ധതികൾ 2024ന്റെ പ്രതീക്ഷകളാണ്.
പ്രതീക്ഷയോടെ പ്രധാനമന്ത്രിയുടെ സന്ദർശനവും
പുതുവർഷാരംഭത്തിൽ ബി.ജെ.പിയുടെ മഹിളാ സംഗമത്തിൽ പങ്കെടുക്കുന്നതിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ജില്ലയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. തൃശൂർ പൂരത്തിന് ഗ്രാന്റ് ഉൾപ്പടെ അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അതിന് മുകളിൽ വലിയ പ്രഖ്യാപനങ്ങളും പുതുവർഷത്തിൽ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞവർഷം വാർഷിക പദ്ധതി പൂർത്തീകരണത്തിൽ പിറകോട്ട് പോയിരുന്നു. ട്രഷറി നിയന്ത്രണങ്ങൾ തിരിച്ചടിയാണ്. ലൈഫ് പദ്ധതികൾക്ക് പണം അനുവദിക്കുന്നതിൽ തടസമില്ലാത്തത് അനുഗ്രഹവും. വയോജനങ്ങൾക്കുള്ള ' സുശാന്തം' പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രം എന്നിവയെല്ലാം മാർച്ചിൽ പൂർത്തീകരിക്കും. അതോടൊപ്പം വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കാനുമാകും.
- പി.കെ. ഡേവിസ് മാസ്റ്റർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
നഗരവികസനത്തിന്റെ നാഴികക്കല്ലാവുന്ന ഒന്നാണ് മാസ്റ്റർ പ്ലാൻ. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. അംഗീകാരം ലഭിച്ചാൽ ചരിത്രപരമായ പ്രവർത്തനത്തിലേക്ക് കടക്കും.
- എം.കെ. വർഗീസ്, മേയർ
തൃശൂർ റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. 411 കോടി രൂപയുടെ ടെൻഡർ പൂർത്തിയായി. ദേശീയപാത 566, അഞ്ച് അടിപാത തുടങ്ങിയവ ഈ വർഷം പൂർത്തിയാകും. വടക്കുന്നാഥൻ ക്ഷേത്രം, തേക്കിൻകാട് മൈതാനം എന്നിവയുടെ വികസനത്തിന് 50 കോടിയുടെ പദ്ധതിക്കായി സമർപ്പിച്ചിട്ടുണ്ട്.
പ്രിൽഗ്രിം ടൂറിസം പദ്ധതി, പെരുവനം ആസ്ഥാനമായി ക്ഷേത്രകലാകേന്ദ്രം, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തൽ, ചേറ്റുവ, മുനയ്ക്കകടവ് ഹാർബറുകളുടെ നവീകരണം എന്നീ പദ്ധതികളിലും പ്രതീക്ഷയുണ്ട്. തൃശൂരിൽ ഒരു കേന്ദ്രീയ വിദ്യാലയം കൂടി പ്രതീക്ഷിക്കുന്നു. ചെമ്പുക്കാവിലെ മ്യൂസിയം പുത്തൂരിലേക്ക് മാറുമ്പോൾ അവിടെ ഒരു സാംസ്‌കാരിക സമുച്ചയം പണിയുകയെന്നതും പ്രതീക്ഷകളാണ്.
- ടി.എൻ. പ്രതാപൻ എം.പി
ഏറ്റവും വലിയ സ്വപ്‌ന പദ്ധതിയാണ് ഠാണ ചന്തക്കുന്ന് പദ്ധതി. ഇത് യാഥാർത്ഥ്യമാക്കാനാകും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 41.86 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. അവർക്ക് നഷ്ടപരിഹാരം ഉടൻ നൽകും. ഷൊർണൂർ - കൊടുങ്ങല്ലൂർ പാത വികസനം ഇരിങ്ങാക്കുട മണ്ഡലത്തിലേക്ക് പ്രവേശിക്കുമ്പോൾ ജംഗ്ഷൻ വികസനത്തിന് വേഗം കൂടും
- മന്ത്രി ആർ. ബിന്ദു
ഏരെ വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. അതോടൊപ്പം കുട്ടികൾ പഠിച്ച് ഉയർന്നതലത്തിൽ ചിന്തിക്കാനും സാധിക്കട്ടെ.
- വി.ആർ. കൃഷ്ണതേജ, കളക്ടർ