
കയ്പമംഗലം : അയോദ്ധ്യയിൽ നടക്കുന്നത് വഞ്ചനയുടെ നാടകമാണെന്നും ഒരു നാടിന്റെ വെളിച്ചം കെടുത്തിയിട്ട് വെളിച്ചം തെളിയിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ഇരുട്ടിന്റെ കാവൽക്കാരനാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. പി.ടി.ഭാസ്‌കര പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് മതങ്ങളെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കലല്ല ഇന്ത്യൻ സംസ്‌കൃതിയെന്നും അദ്ദേഹം പറഞ്ഞു. പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ സി.എൻ.ജയദേവൻ, കെ.പി.സുരേഷ് രാജ്, കെ.കെ.വത്സരാജ്, ടി.കെ.സുധീഷ്, കെ.ശ്രീകുമാർ, ഇ.ടി.ടൈസൺ എം.എൽ.എ, ഷീല വിജയകുമാർ, ടി.പി.രഘുനാഥ്, സായിദ മുത്തുക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു.