
ഇക്കഴിഞ്ഞ നവംബർ 15 ന് ലോകായുക്ത ദിനം ആചരിക്കപ്പെട്ടപ്പോൾ ഉദ്ഘാടന പ്രസംഗം നടത്തിയ, ഇപ്പോൾ സുപ്രീം കോടതി ജഡ്ജിയും വൈകാതെ സുപ്രീം കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുമുള്ള, ആദരണീയയായ ജസ്റ്റിസ് ബി.വി. നാഗരത്ന വളരെ പ്രാധാന്യം നൽകി സംസാരിച്ചത് കേരള ലോകായുക്ത നിയമത്തിൽ വരുത്താൻ ശ്രമിക്കുന്ന ഭേദഗതികളെക്കുറിച്ചായിരുന്നു. ഇന്ന് നിലനിൽക്കുന്ന ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും എടുത്തുകളഞ്ഞ് ആ സ്ഥാപനത്തെ ഒരു പ്രഹസനമാക്കി നശിപ്പിക്കരുതെന്ന് അവർ അസന്നിഗ്ദ്ധമായി പറഞ്ഞു .
അഴിമതിയും ദുർഭരണവുമാണ് നാടിന് ശാപമെന്നും, അതവസാനിപ്പിച്ചില്ലെങ്കിൽ ജനാധിപത്യം തകരുമെന്നും അവർ സൂചിപ്പിച്ചു. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുവാനും വൈരാഗ്യങ്ങൾ തീർക്കുവാനുമുള്ള വേദിയായി ലോകായുക്ത സ്ഥാപനത്തെ മാറ്റരുതെന്നും അവർ അഭ്യർത്ഥിച്ചു. മുഖ്യപ്രഭാഷകനായിരുന്ന അലക്സാണ്ടർ ജേക്കബ്, പൗരാണിക കാലത്ത് ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നുവെന്ന് ചില ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കി.
ഈ അവസരത്തിൽ ലോകായുക്ത സംവിധാനം കേരളത്തിൽ സ്ഥാപിതമാകാനുള്ള സാഹചര്യങ്ങളെക്കുറിച്ച് അല്പം ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇതിനൊരു അന്തർദ്ദേശീയവും ദേശീയവുമായ പശ്ചാത്തലമുണ്ട്. സാധാരണക്കാരന്റെ സങ്കടനിവാരണ സംവിധാനമായി പാശ്ചാത്യരാജ്യമായ സ്വീഡനിൽ ആരംഭിച്ച 'ഓംബുഡ്‌സ്‌മാൻ" ആണ് നമ്മുടെ രാജ്യത്ത് ലോകായുക്തയായി കാലക്രമേണ പരിണമിച്ചത്. സ്വീഡനു ശേഷം ഫിൻലാന്റ്, ഡെൻമാർക്ക്, നോർവേ എന്നീ രാജ്യങ്ങളിലും ഓംബുഡ്‌സ്‌മാൻ സംവിധാനം നിലവിൽ വന്നു.
1960-ൽ ഇംഗ്ളണ്ടിൽ ഓംബുഡ്‌സ്‌മാൻ സംവിധാനത്തിനു സമാനമായ പാർലമെന്ററി കമ്മിഷണർ എന്ന സ്ഥാപനം നിലവിൽവന്നു. ഇന്ന് ലോകത്ത് മിക്ക ജനാധിപത്യ രാജ്യങ്ങളിലും കാര്യക്ഷമതയുള്ള ശക്തമായ സങ്കടനിവാരണ സ്ഥാപനങ്ങളായി ഇവ പ്രവർത്തിക്കുന്നു. ചെലവു കുറഞ്ഞ്, ഔപചാരികതകളില്ലാത്ത, എളുപ്പത്തിൽ സമീപിക്കുവാൻ കഴിയുന്ന ശക്തമായ ഒരു സ്വതന്ത്ര സ്ഥാപനമാണ്. അതുകൊണ്ടാണ് ഈ സ്ഥാപനം 'അഡ്‌മിനിസ്ട്രേറ്റീവ് ഡോക്ടർ" എന്നും 'സാധാരണക്കാരന്റെ സംരക്ഷകൻ" എന്നും അറിയപ്പെടുന്നത്.
നമ്മുടെ സംസ്ഥാനത്ത് ഈ വിധത്തിൽ ഒരു പ്രസ്ഥാനം ആരംഭിക്കുന്നത് 1984- ൽ ആണ്. കേരള പബ്ളിക്‌മെൻ (പ്രിവൻഷൻ ഒഫ് കറപ്ഷൻ) ആക്ട് -1983 എന്ന പേരിൽ വന്ന ഈ നിയമത്തിൽ, ദുർഭരണം മൂലം സാധാരണക്കാരൻ അനുഭവിക്കുന്ന സങ്കടങ്ങൾക്ക് പരിഹാരം ഉൾപ്പെടുത്തിയിരുന്നില്ല. ഈ സംവിധാനം 15.11.1983-ൽ അവസാനിച്ചു. തുടർന്ന് കേരള പബ്ളിക്മെൻസ് കറപ്‌ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻക്വയറീസ്) ആക്ട്- 1987 നിലവിൽവന്നു. പിന്നെയും മാറ്റങ്ങൾ വന്നു. 1992 മാർച്ച് മുതൽ 1997 മാർച്ചുവരെ ആന്റികറപ്ഷൻ എന്നൊരു സംവിധാനം നിലനിന്നു. ഈ സംവിധാനം അവസാനിച്ചതിനു ശേഷം ഇരുപത് മാസക്കാലം നമ്മുടെ സംസ്ഥാനത്ത് ആന്റികറപ്ഷൻ സംവിധാനം നിലവിലില്ലാതെ വന്നു. തുടർന്ന് 1998 നവംബർ 15-ന് ലോകായുക്ത നിയമം കേരളത്തിൽ നിലവിൽവന്നു. പൊതുപ്രവർത്തകരുടെ അഴിമതി അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തൽ തടയുക, ദുർഭരണത്താലുള്ള സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് നിവാരണം ഉണ്ടാക്കുക എന്നിവയൊക്കെയായിരുന്നു ലോകായുക്ത നിയമത്തിന്റെ പ്രത്യേകതകൾ.
സംശുദ്ധവും അഴിമതിരഹിതവുമായി ഭരണം നടത്തുന്നവർക്ക് ലോകായുക്ത നിയമത്തിലെ വ്യവസ്ഥകളെ ഒരു കാരണവശാലും പഴിചാരുവാൻ പറ്റില്ല. എന്നാൽ അഴിമതി നടത്തുന്നവർക്ക് ഇന്നു നിലവിലുള്ള ലോകായുക്ത നിയമങ്ങൾ ഒരു പേടിസ്വപ്നമായിരിക്കാം. കാരണം ഒരു പൊതുപ്രവർത്തകൻ അഴിമതി നടത്തിയതായിട്ടുള്ള ഒരു പ്രഖ്യാപനം ലോകായുക്ത പുറപ്പെടുവിച്ചാൽ, അങ്ങനെയുള്ള പൊതു പ്രവർത്തകൻ അയാൾ വഹിക്കുന്ന സ്ഥാനം രാജിവയ്ക്കേണ്ടതായി വരും. ഇപ്പോൾ വിമർശനവിധേയമായ ലോകായുക്ത നിയമഭേദഗതി മേൽപ്പറഞ്ഞ രീതിയിലുള്ള രാജികൾ ഒഴിവാക്കുന്നതിനു വേണ്ടിയുള്ളതാണ് എന്നാണ് ചിലർ ആക്ഷേപം ഉന്നയിക്കുന്നത്.
ഈ അവസരത്തിൽ എടുത്തുപറയേണ്ടുന്ന ഒരു വസ്തുത ശ്രദ്ധയിൽപ്പെടുത്തേണ്ടതാണെന്നു തോന്നുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്, ലോകായുക്ത പ്രഖ്യാപനം മൂലം ഒരു മന്ത്രിക്ക് രാജിവയ്ക്കേണ്ടതായി വന്നു. അതിനെതിരെ അദ്ദേഹം റിട്ടും, റിട്ട് അപ്പീലുമൊക്കെയായി സുപ്രീം കോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. അന്നുമുതൽ അദ്ദേഹം ലോകായുക്തയെ വ്യക്തിപരമായി ആക്ഷേപിച്ചു സംസാരിക്കാറുണ്ട്. ലോകായുക്ത 'കുരച്ചു," ലോകായുക്ത 'വിലയ്ക്കെടുക്കപ്പെട്ടു" തുടങ്ങി മാന്യമല്ലാത്ത രീതിയിലുള്ളതാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. ശ്വാനന്മാരാണ് കുരയ്ക്കാറുള്ളത്. ലോകായുക്ത ഒരു മനുഷ്യനാണ്, ആരോപണം ഉന്നയിക്കുന്ന വ്യക്തിയും മനുഷ്യനാണ്. അപ്പോൾ ലോകായുക്ത 'കുരയ്ക്കുന്നു" എന്ന് ആക്ഷേപിച്ചാൽ അത് എറിയുന്നയാളിന്റെ അടുത്ത് തിരിച്ചെത്തുന്ന വളഞ്ഞ വടി പോലാകും! ഇവിടെ ശ്രദ്ധിക്കേണ്ടത് ലോകായുക്ത നിയമം സെക്ഷൻ 18 പ്രകാരം ലോകായുക്തമാർക്കെതിരെ മനഃപൂർവം അപമാനം വരത്തക്ക രീതിയിൽ പ്രസ്താവനകൾ നടത്തിയാൽ അങ്ങനെ പ്രസ്താവന നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടികൾവരെ എടുക്കുവാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട് എന്നുള്ളതാണ്. അവർ നടപടികളെടുക്കാതിരിക്കുന്നത് അവരുടെ മഹാമനസ്‌കത കൊണ്ടാകാം.
ലോകായുക്തയെപ്പറ്റി ചിന്തിക്കുമ്പോൾ, അത് പല്ലും നഖവുമുള്ള ഒരു സ്ഥാപനമാണെന്ന് നമ്മുടെ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ലോകായുക്ത സംവിധാനം ശക്തിപ്പെടുത്തേണ്ടത് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്ക് ത്വരിതപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ലോകായുക്ത നിയമഭേദഗതികൾ ഒരു പുനർചിന്തനത്തിന് ബന്ധപ്പെട്ടവർ വിധേയമാക്കേണ്ടതാണ്.