
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകൾ നൽകിയ പി. വത്സല മലയാളത്തിന്റെ പ്രിയ കഥാകാരിയാണ്. പി. വത്സലയുടെ കഥകളിലും നോവലുകളിലും അന്തർലീനമായിരുന്നത് മജ്ജയും രക്തവുമുള്ള കഥാപാത്രങ്ങളാണ്. സാഹിത്യ പ്രതിഭകൾ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സൃഷ്ടികൾ നടത്തുന്നത്. പി. വത്സലയുടെ കഥാപാത്രങ്ങൾ അസാധാരണത്വമുള്ളതാണ്. നെല്ല് എന്ന ആദ്യ നോവൽ കാടിന്റെ, തിരുനെല്ലിയിലെ ആദിവാസികളുടെ ജീവിതം തുറന്നുകാട്ടുന്ന ഉത്തമ രചനയാണ്. കഥാഘടനയും പാത്രസൃഷ്ടിയും മറ്റ് നോവലുകളിൽ നിന്ന് തീർത്തും വ്യത്യസ്തം. അത് സിനിമയാകുകയും ചെയ്തു.
ജീവിത യാഥാർത്ഥ്യങ്ങളെ, മനുഷ്യ പ്രകൃതിയുടെ അഗാധ ഭാവങ്ങളെ കാവ്യസുന്ദരമായ ആഖ്യാന കുശലതകൊണ്ട് നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നതാക്കുന്നതാണ് സാഹിത്യം. ഇങ്ങനെ അനുഭൂതിയുടെ അനന്തതയിലേക്ക് നമ്മെ കൊണ്ടുപോയിട്ടുള്ള ധാരാളം കൃതികൾ മലയാളത്തിലുണ്ട്. വത്സലയുടെ നെല്ല് എന്ന നോവലിൽ തിരുനെല്ലിയിലെ കാടുകളാണ് പശ്ചാത്തലവും പ്രധാന കഥാപാത്രവുമെങ്കിൽ, കേരളത്തിലെ പുരുഷ മേധാവിത്വത്തിനെതിരെ രംഗത്തു വന്ന മണ്മറഞ്ഞ കെ. സരസ്വതിയമ്മയുടെ ചോലമരങ്ങൾ എന്ന കഥ ഓർമ്മ വരുന്നു.
ചോലമരങ്ങൾ തണലിനായി വച്ചുപിടിപ്പിച്ചതാണ്. ആ തണൽമരങ്ങൾ രണ്ടു പ്രണയികളുടെ ആത്മസംഘർഷങ്ങളാണ്. കാടുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കഥയാണ് സാറാ ജോസഫിന്റെ പുതുരാമായണം. വേടന്റെ അമ്പേറ്റ പക്ഷിയും പക്ഷിയുടെ ഇണയും ഇരകളാണ്. സ്ത്രീകൾക്കു വേണ്ടി സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന സാറാ ജോസഫും പി. വത്സലയും എനിക്ക് ഗുരുതുല്യരാണ്.
സാഹിത്യത്തിലെ മഹാപ്രതിഭകൾ പലരും വിപ്ളവത്തിന്റെ ചിതയിൽ നിന്ന് വെളിച്ചത്തിന്റെ നഗരമുണ്ടാക്കിയവരാണ്. ഇവരെല്ലാം മുന്നോട്ടുവച്ച ആശയങ്ങൾ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയാണ്. മുന്നിൽ നിൽക്കുന്നത് പാശ്ചാത്യ സാഹിത്യകാരന്മാരാണ്. ഇവർ ഏറ്റുമുട്ടിയത് രാജാക്കന്മാരോടായിരുന്നു. അവർ മുന്നോട്ടുവച്ച ആശയമാണ് കല. അത് കലയ്ക്കു വേണ്ടിയല്ല, മനുഷ്യനു വേണ്ടിയാണ്. അതിൽ എണ്ണപ്പെട്ട പേരുകളാണ് ടോൾസ്റ്റോയി, മാക്സിം ഗോർക്കി, ഇബ്സൻ, റൊമെയ്ൻ റോളണ്ട്, ബർണാർഡ് ഷാ, വിക്ടർ യൂഗോ, വോൾട്ടയർ തുടങ്ങിയവർ. ഇവരെല്ലാം ജീവൽ സാഹിത്യകാരന്മാരായിരുന്നു.
വിശ്വസാഹിത്യത്തിൽ നിന്ന് നമ്മളും ജീവൽസാഹിത്യം അല്ലെങ്കിൽ പുരോഗമന സാഹിത്യം കടമെടുത്തു. 1936-ൽ രൂപമെടുത്ത പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മലയാളത്തിൽ എം.പി. പോളിനായിരുന്നു നേതൃത്വം. മുണ്ടശ്ശേരി, കുറ്റിപ്പുഴ, കേശവദേവ്, തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവർ ആരംഭിച്ച ജീവൽ സാഹിത്യത്തിൽ ഇന്നത്തെ പേരുകാർ ആരൊക്കെയെന്ന ചോദ്യത്തിന് എന്തുത്തരം?