വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പഞ്ചായത്തിലെ ആനപ്പാറ മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് മാലിന്യനിക്ഷേപം രൂക്ഷമാകുന്നതായി പരാതി. വിജനമായ പ്രദേശങ്ങളിലെ റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് പതിവുസംഭവമായി. രാത്രികാലങ്ങളിൽ ഇറച്ചി വേസ്റ്റുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡരികിൽ കൊണ്ടിടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഈ റോഡിലൂടെ മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പ്രദേശത്ത് പകർച്ചവ്യാധികളും മരണങ്ങളും വർദ്ധിക്കുന്നതിനിടയിൽ മാലിന്യനിക്ഷേപം കൂടുന്നത് സാംക്രമികരോഗങ്ങളും മറ്റും പടരാൻ സാദ്ധ്യതയുണ്ടാക്കുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് കല്ലാർ നിവാസികൾ ആരോഗ്യവകുപ്പിനും പഞ്ചായത്തിലും പൊലീസിലും പരാതികൾ നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നതിനായി വനംവകുപ്പ് കല്ലാർ മേഖലയിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഫലപ്രദമായില്ല. വനമേഖലയിൽ മിക്കയിടത്തും ഇപ്പോഴും മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നത് കാണാം. മേഖലയിൽ ഈച്ച, കൊതുക് ശല്യവും വർദ്ധിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപം സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കല്ലാർ,വിതുര,പൊൻമുടി,പേപ്പാറ മേഖലയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും കടലാസിലായി.
നദിയിലും മാലിന്യനിക്ഷേപം
കല്ലാർ, വാമനപുരം നദികളുടെ മിക്ക ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. സഞ്ചാരികൾ നദിയിലെ പാറപ്പുറങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിച്ച ശേഷം മാലിന്യങ്ങൾ നദിയിൽ വലിച്ചെറിയുന്നതും മദ്യക്കുപ്പികൾ പാറപ്പുറത്ത് എറിഞ്ഞുടയ്ക്കുന്നതും പതിവു സംഭവമാണ്. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകുമ്പോൾ നാട്ടുകാർ നദിയെയാണ് ആശ്രയിക്കാറുള്ളത്. മാലിന്യനിക്ഷേപം മൂലം നദി മലിനപ്പെടുകയും ജലം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി സംജാതമാവുകയും ചെയ്യാറുണ്ട്. വാമനപുരം, നെടുമങ്ങാട്, അരുവിക്കര നിയോജകമണ്ഡലത്തിലെ ആയിരക്കണക്കിന് പേർ ഉപയോഗിക്കുന്നത് വാമനപുരം നദിയിലെ വെള്ളമാണ്. വാമനപുരം നദിയെ സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലപ്രദമായില്ല. നദിയെ അമിതമായി ചൂഷണം ചെയ്യുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴും നിലവിലുള്ളത്. ചില ഭാഗങ്ങളിൽ ഫാക്ടറികളിൽ നിന്നും മറ്റുമുള്ള മലിനജലവും നദിയിലേക്ക് ഒഴിക്കിവിടുന്നതായും പരാതിയുണ്ട്.