
വിതുര: തൊളിക്കോട് പഞ്ചായത്തിലെ പേരയത്തുപാറയിൽ അടൂർപ്രകാശ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു. തോട്ടുമുക്ക്, ചായം വാർഡുകളുടെ പരിധിയിൽപ്പെടുന്ന പേരയത്തുപാറ ജംഗ്ഷൻ വർഷങ്ങളായി കൂരിരുട്ടിൽ മുങ്ങിയ അവസ്ഥയിലും രാത്രിയിൽ ജംഗ്ഷൻ, തെരുവുനായ്ക്കളുടെ പിടിയിലുമായിരുന്നു. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നതും പതിവായതിനാൽ മാലിന്യം ഭക്ഷിക്കുന്നതിനായി തെരുവുനായ്ക്കൂട്ടവും പന്നികളും എത്തിയിരുന്നു. പേരയത്തുപാറക്ക് പുറമേ ചാരുപാറ റോഡിലും തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. ഇവിടെ സാമൂഹികവിരുദ്ധരുടെ ശല്യവും മോഷണവും പതിവായതിനെത്തുടർന്ന് അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പേരയത്തുപാറ, മണലയം റസിഡന്റ്സ് അസോസിയേഷനുകൾ അടൂർപ്രകാശ് എം.പിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് എം.പി പ്രശ്നത്തിൽ ഇടപെട്ടത്. ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം അടുത്തമാസം നടക്കുമെന്ന് അടൂർപ്രകാശ് എം.പി അറിയിച്ചു.