തിരുവനന്തപുരം: ശബ്ദതാരാവലിയുടെ രചയിതാവ് ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ളയുടെ പേരിൽ നഗരസഭയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്ന ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ള സ്‌മാരക ചിൽഡ്രൻസ് പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു. 2007 ആഗസ്റ്റിലാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നത്.

2019ൽ നഗരസഭ സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കിൽ ഓപ്പൺ ജിം ആൻഡ് ചൈൽഡ് പ്ലേ എക്യുപ്മെന്റ് സ്ഥാപിച്ചു. ട്വിസ്റ്റ് സ്റ്റെപ്പിംഗ് മെഷീൻ,ഹോഴ്സ് പ്രസ് ഡബിൾ,സൈക്കിൾ,ചെസ്റ്ര് പ്രസ് ഡബിൾ തുടങ്ങിയവയാണ് ഓപ്പൺ ജിമ്മിൽ സ‌ജ്ജീകരിച്ചിട്ടുള്ളത്. മൾട്ടി പ്ലേ സിസ്റ്റം,സിസോ,അഡ്വഞ്ചർ ക്ലൈംബർ,റോളർ സൈഡ് തുടങ്ങിയവയാണ് കുട്ടികൾക്കായി ഇവിടെയുള്ള ഉപകരണങ്ങൾ. പൊതുജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികൾക്ക് വിനോദത്തിനുമായി ഒരുക്കിയ ഓപ്പൺ ജിമ്മും കുട്ടികൾക്കുള്ള കളി ഉപകരണവും ഇപ്പോൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. നിലവിൽ ഇവിടെ കുറച്ച് ഉപകരണങ്ങളാണുള്ളത്.

സമീപത്തായി ചാക്കുകളിൽ കെട്ടി മാലിന്യം ഉപേക്ഷിച്ച നിലയിലാണ്. പാർക്കിലെത്തുന്നവർക്ക് ജിമ്മോ കളി ഉപകരണങ്ങളോ ഉപയോഗിക്കാൻ തോന്നാത്ത വിധത്തിലാണ് പാർക്കിനെ അധികൃതർ പരിപാലിക്കുന്നതെന്നാണ് ആക്ഷേപം. ഊഞ്ഞാലുകൾ ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ചു. പാർക്കിൽ നിർമ്മിച്ച മണ്ഡപങ്ങളിൽ പൊടിപിടിച്ച് അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പാർക്കിലെ പൂന്തോട്ടവും പുൽത്തകിടിയും കാടുപിടിച്ച് കിടന്നിട്ടും പാർക്ക് വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇവിടെയുള്ള ടോയ്ലെറ്രുകളുടെ അവസ്ഥയും ദയനീയമാണ്. കാർ പാർക്കിംഗിനുള്ള ഇടമായും കംഫർട്ട് സ്റ്റേഷനായും മാത്രമാണിപ്പോൾ പാർക്ക് ഉപയോഗിക്കുന്നത്.

ഒാപ്പൺ ജിം ചെലവ് - 35 ലക്ഷം രൂപ

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ പ്രതിമ

സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ളയുടെ പേരിൽ അറിയപ്പെടുന്ന പാ‌ർക്കിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ശബ്ദതാരാവലി ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള അനുസ്‌മരണ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞവർഷം മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിരുന്നു. ഇതുസംബന്ധിച്ച് പലതവണ നഗരസഭയെ സമീപിച്ചെന്നും പ്രതിമ സ്ഥാപിക്കുമെന്ന വാഗ്ദാനമല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും സമിതി ഭാരവാഹികൾ പറയുന്നു.

മലയാള ഭാഷയ്ക്ക് മുതൽക്കൂട്ടായ ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ പ്രതിമ സ്ഥാപിക്കുകയും പാർക്കിന്റെ നവീകരണവും സംരക്ഷണവും അടിയന്തരമായി പൂർത്തിയാക്കുകയും വേണം

ടി.എൻ.ശ്രീകുമാരൻ തമ്പി, സെക്രട്ടറി,​ ശബ്ദതാരാവലി ശ്രീകണ്ഠേശ്വരം

പദ്മനാഭപിള്ള അനുസ്മരണ സാംസ്‌കാരിക സമിതി

പാർക്ക് വൃത്തിയാക്കുന്നതിനെപ്പറ്റി പലതവണ അധികൃതരെ അറിയിച്ചെങ്കിലും

അനുകൂല നടപടികൾ ഉണ്ടായിട്ടില്ല

പി.രാജേന്ദ്രൻ നായർ, ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ