
കോവളം: നീണ്ട കാത്തിരിപ്പിനു ശേഷം തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 1.35 കോടി ചെലവിട്ട് രണ്ട് നിലകളിലായാണ് പുതിയ മന്ദിരം നിർമ്മിച്ചത്.
1962ലാണ് 25 സെന്റ് ഭൂമിയിൽ തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. തിരുവല്ലം, വെങ്ങാനൂർ വില്ലേജുകളുടെ പരിധിയിൽ വരുന്ന ആധാരം, ബാങ്ക് ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷൻ ഇവിടെയാണ് നടക്കുന്നത്. സബ് രജിസ്ട്രാർ ഉൾപ്പെടെ 8 ജീവനക്കാരും 50 ഓളം ആധാരമെഴുത്തുകാരുമാണ് ഇവിടെയുള്ളത്.
തിരുവല്ലം ജംഗ്ഷനു സമീപം പ്രവർത്തിച്ചിരുന്ന ഓഫീസ് കാലപ്പഴക്കം കാരണമാണ് 2018ൽ ഒന്നര കിലോമീറ്റർ അകലെയുള്ള കരുമം റോഡിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. മേനിലത്തെ ഈ പുതിയ ഓഫീസിലേക്കുള്ള യാത്ര ഇടപാടുകാരെയും ആധാരമെഴുത്തുകാരെയും ദുരിതത്തിലാക്കിയിരുന്നു. ഇവിടേക്ക് ബസ് സർവീസുകളും വിരളമാണ്. പുതിയ കെട്ടിടം വരുന്നതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കളും ജീവനക്കാരും.
ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ
3530 സ്‌ക്വയർ ഫീറ്റിലുള്ള പുതിയ മന്ദിരത്തിൽ റെക്കാഡ്സ് റൂം, സബ് രജിട്രാറുടെ ഓഫീസ്, വിശാലമായ ഓഫീസ് റൂം, ജനസേവന കേന്ദ്രം, വിശ്രമ മുറി, ടോയ്‌ലെറ്റുകൾ, ജീവനക്കാർക്ക് കാബിനുകൾ, ഫ്രണ്ട് ഓഫീസ്, രേഖകളും ഫയലുകളും സൂക്ഷിക്കാനുള്ള സൗകര്യം, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
വരുമാനം
പ്രതിമാസം ഒരു കോടിയോളം രൂപയുടെ രജിസ്‌ട്രേഷൻ ഇടപാടുകൾ ഉൾപ്പെടെ നടക്കുന്ന ജില്ലയിലെ പ്രധാന സബ് രജിസ്ട്രാർ ഓഫീസാണ് ഇവിടം.
വാടക കുരുക്കായി
ഓഫീസിന് പ്രതിമാസ വാടകയിനത്തിലും പലതിനുമായി 40,000 രൂപ ചെലവാകും. പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം വൈകിയതിനാൽ വാടകയിനത്തിൽ സർക്കാരിന് വൻ തുക നഷ്ടമായത് ചർച്ചയായിരുന്നു.
ഓഫീസ് കെട്ടിടം മേനിലത്തായപ്പോൾ പലർക്കും വന്നുപോകാൻ പാടായിരുന്നു. പ്ലാനിൽ മാറ്റങ്ങൾ വരുത്തിയതാണ് നിർമ്മാണം വൈകാൻ കാരണം. കാലാവസ്ഥ അനുകൂലമായാൽ ഡിസംബർ അവസാനം ഉദ്ഘാടനം നടക്കും.
അജയകുമാർ,രജിസ്ട്രാർ
നാട്ടുകാരുടെയും ഇടപാടുകാരുടെയും ദീർഘകാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. കാൽനടയായാണ് ഇടപാടുകാർ പലരും പോയിവന്നത്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ രജിസ്‌ട്രേഷന് വരുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകും.
അംബികുമാർ വാഴമുട്ടം,
ആധാരം എഴുത്ത് അംഗീകൃത ലൈസൻസി