pidayamkode-road

മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്തിലെ തകർന്ന മൂലമൺ വേങ്കൂർ - പിടിയംകോട് റോഡിലൂടെ കാൽനട പോലും സാദ്ധ്യമാകാതെ യാത്രക്കാർ ദുരിതത്തിൽ. മലയം - വിഴൂർ റോഡ് മലയം ശിവക്ഷേത്രത്തിന് മുന്നിലൂടെയാണ് ആരംഭിക്കുന്നത്. വിഴവൂർ മൃഗാശുപത്രി, പൊറ്റയിൽ, പെരുകാവ്, തച്ചോട്ടുകാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണിത്. പിയംകോട് അങ്കണവാടിക്ക് മുൻപിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഞ്ഞുങ്ങൾക്ക് അങ്കണവാടിയിലെത്താനുമാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ചെളി വെള്ളം അങ്കണവാടിക്ക് മുൻപിൽ കെട്ടിക്കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്. കുഴിയും ചെളിയുമായി കിടക്കുന്നതറിയാതെ കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ഓട്ടോറിക്ഷ മറിഞ്ഞിരുന്നു. വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ, വിഴവൂർ വാർഡുകളിലുൾപ്പെട്ടതാണ് ഈ റോഡ്. ജില്ലാ,ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിച്ച് റോഡ് ടാറിംഗ് നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.

റോഡിലാകെ കുണ്ടും കുഴിയും

പിടയംകോട് റോഡാകെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്. റോഡിന്റെ പല ഭാഗങ്ങളിലും മഴവെള്ളം കെട്ടി നിൽക്കുന്നുണ്ട്. ടാറിംഗ് ഇളകി, വൻ കുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴി കാൽനട പോലും സാദ്ധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. റോഡാകെ വെള്ളക്കെട്ടായതിനാൽ രാത്രിക്കാലങ്ങളിൽ ഇതുവഴി പോകാനാവാത്ത സ്ഥിതിയായിട്ടുണ്ട്. 500ലേറെ കുടുംബങ്ങളുടെ ആശ്രയമാണീ റോഡ്. ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് ഒഴികെയുള്ള വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

മഴ പെയ്താൽ തോട്

മഴ പെയ്താലുടൻ ഈ റോഡിനിരുവശവും വെള്ളം ഒഴുകിയെത്തി റോഡ് തോടായി മാറും. വിവിധ ആവശ്യങ്ങൾക്കായി പ്രദേശവാസികൾ നഗരത്തിലെത്തുന്നത് ഏറെ ദുരിതം പേറിയാണ്. മലയിൻകീഴ്, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലേക്കും വിളവൂർക്കൽ,ചൂഴാറ്റുകോട്ട,പാമാംകോട്,പാപ്പനംകോട്,തിരുവനന്തപുരം തുടങ്ങി ഭാഗത്തേക്കും പോകുന്നതിനുള്ള എളുപ്പമാർഗമാണീ റോഡ്. ഒരുകിലോ മീറ്റർ ദൈർഘ്യമുള്ള പിടയംകോട് റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യവും ശക്തമാണ്. നിരവധി സ്കൂൾ ബസുകൾ ഇതുവഴി കടന്നു പോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്. ഈ റോഡിൽ അറ്റകുറ്റപ്പണികളെങ്കിലും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

മൂലമൺ വേങ്കൂർ - പിടിയംകോട് റോഡ് സഞ്ചാരയോഗ്യമാക്കി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കും.എം.എൽ.എ,​ ജില്ലാ പഞ്ചായത്ത് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ടി.ലാലിമുരളി,വിളവൂർക്കൽ

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്