chilakoor-chira

വർക്കല: നെൽകൃഷിക്ക് വെള്ളം സംഭരിച്ചുനിറുത്താൻ പ്രകൃതി ഒരുക്കിയ ചിലക്കൂർ ചിറ മാലിന്യവും പായലും കൊണ്ട് മലിനമായ നിലയിൽ.

വർക്കല നഗരസഭ 20-ാം വാർഡിൽ തൊട്ടിപ്പാലത്തിനും ടി.എസ്. കനാലിനും സമീപം ചിലക്കൂർ പണയുടെ ഭാഗത്തുള്ള ചിറയാണിത്. ഇപ്പോൾ പായൽമൂടി അതിനു മുകളിൽ പുല്ല് വളർന്ന് പുൽമേടുപോലെയായി. അടിഭാഗത്ത് വെള്ളമുണ്ടെന്നറിയില്ല. അത്രയും പുല്ല് മൂടിക്കഴിഞ്ഞു. ഒപ്പം മാലിന്യനിക്ഷേപം കൂടിയായതോടെ ദുർഗന്ധവും വർദ്ധിച്ചു. നെൽകൃഷി നശിച്ചതും വെള്ളം മുഴുവൻ ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതുമാണ് ചിറ നേരിടുന്ന പ്രധാന പ്രശ്നം. പണ്ടുകാലത്ത് സമൃദ്ധമായ നെൽകൃഷിയാണ് പ്രദേശത്തുണ്ടായിരുന്നത്. ചിറയിൽ വെള്ളം ശേഖരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാൻ പാകത്തിൽ കെട്ടി നിറുത്തി വർഷം മുഴുവനും കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തിയിരുന്നു. പാടത്തിനും ചിറയ്ക്കും മദ്ധ്യേയുള്ള റോഡിനടിയിലൂടെ വെള്ളം ഒഴുക്കിവിടാൻ സംവിധാനമുണ്ടായിരുന്നു. നെൽകൃഷി ഇല്ലാതായതോടെ ചിറയുടെ പ്രാധാന്യം നന്നേ കുറഞ്ഞു.

 ഒഴുക്കും നിലച്ചു

കൃഷി നിലച്ച് കാലക്രമേണ പാടങ്ങൾ നികന്നതോടെ വെള്ളത്തിന്റെ ഒഴുക്കും നിന്നു. ചിറയിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയായി. ശക്തമായ മഴയിൽ ചിറ നിറഞ്ഞ് ഒഴുകും. പ്രദേശത്ത് വെള്ളപ്പൊക്കം പതിവായതോടെ ഓട നിർമ്മിച്ചെങ്കിലും ചിറയിൽ നിശ്ചിത അളവിൽ കൂടുതൽ വെള്ളം നിറഞ്ഞാൽ മാത്രമേ ഓടയിലൂടെ വെള്ളം ഒഴുകുകയുള്ളൂ.

 കൊതുകുശല്യവും

സ്ഥിരമായ വെള്ളക്കെട്ട് കാരണം പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമാണ്. ആരോഗ്യപ്രശ്നങ്ങൾക്കും വെള്ളക്കെട്ടും മാലിന്യവും കാരണമാകുന്നു. അനാരോഗ്യകരമായ ചുറ്റുപാട് ഒഴിവാക്കണമെന്നും ചിറ നവീകരിക്കണമെന്നും നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് മത്സ്യംവളർത്തൽ കേന്ദ്രമാരംഭിക്കുന്നത്തിനുള്ള പദ്ധതിയും മുൻകാലങ്ങളിൽ നഗരസഭ ആവിഷ്‌കരിച്ചിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ടു.

തടസമായി വെള്ളക്കെട്ട്

ചിറയ്ക്ക് പ്രാധാന്യം ഇല്ലാതായതോടെ ഇവിടെ ഒരു മിനി സ്റ്റേഡിയം നിർമിക്കണമെന്ന് പ്രാദേശികമായി ആവശ്യം ഉയർന്നിരുന്നു. ജലസ്രോതസ് ആയതിനാൽ ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിശാലമായ ചിറയിൽ വേനലവധിക്കാലത്ത് കായികമത്സരങ്ങൾ നടന്നിരുന്നു. പുൽപ്പരപ്പായിക്കിടക്കുന്ന ചിറയിൽ ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങൾ സ്ഥിരമായി നടന്നിരുന്നു. വർക്കലയുടെ സമീപപ്രദേശങ്ങളിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തി ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്ഥിരമായി ഇവിടം വെള്ളക്കെട്ട് ആയതോടെ കായികമത്സരങ്ങൾക്കും തടസമായി.