road

കള്ളിയൽ - നെട്ടുകാൽത്തേരി റോഡ് തകർന്നു

കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കള്ളിയൽ - നെട്ടുകാൽത്തേരി - തേമ്പാമൂട് റോഡിലെ യാത്രാ ദുരിതം തുടങ്ങിയിട്ട് വർഷങ്ങളാവുന്നു. റോഡിന്റെ മുക്കാൽഭാഗവും തകർന്ന്, പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് റോഡ് തകർച്ചയുടെ പ്രധാന കാരണം. 25 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി വകയിരുത്തിയപ്പോഴാണ് റോഡിനെ കേന്ദ്രസർക്കാരിന്റെ സ്കീമിൽ ഉൾപ്പെടുത്തിയതായി അറിയുന്നത്. അതിനാൽ പഞ്ചായത്ത് മാറ്റിവച്ച തുക ഒഴിവാക്കുകയും ചെയ്തു.

ഗ്രാമീണ സടക്ക് യോജന പദ്ധതി പ്രകാരം കോൺട്രാക്ടർ റോഡ് പണി ഏറ്റെടുത്താൽ പോലും പണിതുടങ്ങാൻ വീണ്ടും മാസങ്ങൾ കഴിയും. കള്ളിക്കാട് നിന്നും കോട്ടൂരിലേക്ക് വരുന്ന സഞ്ചാരികളും അതുപോലെതന്നെ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിലേക്ക് മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളും ഈ റോഡ് വഴിയാണ് വരുന്നത്. കള്ളിക്കാട് ഭാഗത്ത് നിന്നും പരുത്തിപ്പള്ളി വഴി ഈ റോഡിലൂടെ കോട്ടൂർ ആനപാർക്കിലെത്താൻ ദൂരം കുറവായതിനാൽത്തന്നെ ഒട്ടുമിക്കപേരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് നിർമ്മാണം

കേന്ദ്രസർക്കാരിന്റെ ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം കൊടുക്കറ - വലിയവിള - കള്ളിയൽ കല്ലാമം വഴി പട്ടക്കുളം വരെയുള്ള റോഡ് പണിക്കാണ് കേന്ദ്രസർക്കാർ വക കൊള്ളിച്ചിരിക്കുന്നത്. 108 കോടി രൂപ അടങ്കൽ തുകയുള്ള ഈ റോഡിന്റെ നിർമ്മാണം നടത്തുന്നതിനായി ടെൻഡർ ജോലികൾ ആരംഭിച്ചെങ്കിലും റോഡിന്റെ വീതി കൂട്ടി വസ്തു അക്വേർ ചെയ്ത് ഓടകൾ പണികഴിപ്പിച്ച് പണി പൂർത്തിയായാൽ മാത്രമെ ടാറിംഗ് ജോലികൾ നടത്താൻ കഴിയു. റോഡ് പണി തുടങ്ങുമ്പോൾ സമീപവാസികളുടെ വസ്തുവകകളിൽ നിന്നും റോഡിനായി എടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ തർക്കങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. റോഡിന്റെ നിർമ്മാണ ചുമതല ജില്ലാ പഞ്ചായത്തിനാണ്.