തിരുവനന്തപുരം: കമ്പനികൾ തയ്യാറായാൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് ജനുവരിയിൽ ആദ്യ യാത്രാ കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള- യു.എ.ഇ പാതയിൽ കപ്പൽ സർവീസിനായി ഉടൻ ടെണ്ടർ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. നടപടികൾ വേഗത്തിലാക്കി ജനുവരി രണ്ടാമത്തെ ആഴ്ച കപ്പൽ സർവീസ് ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം.
കഴിഞ്ഞ മാസം മുംബയിൽ നടന്ന ആഗോള മാരിടൈം ഉച്ചകോടിയുടെ വേദിയിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന് മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും ഇൗ വിഷയത്തിൽ നിവേദനം നൽകിയിരുന്നു. തുടർന്ന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ കേരള മാരിടൈം ബോർഡ്, നോർക്ക റൂട്ട്സ് മേധാവികളുടെ യോഗം വിളിച്ചു. ഇതിന്റെ തുടർനടപടിയായി മാരിടൈം ബോർഡും നോർക്കയും യോഗം ചേർന്ന് കപ്പൽ സർവീസ് നടത്താൻ തയ്യാറുള്ളവരെ കണ്ടെത്താൻ താത്പ്പര്യപത്രം ക്ഷണിക്കാനും സാദ്ധ്യതാ പഠനം നടത്താൻ ഉചിതമായ കമ്പനിയെ തിരഞ്ഞെടുക്കാനും തീരുമാനിക്കുകയായിരുന്നു.