
പൂവാർ: നെയ്യാറ്റിൻകര കോർട്ട് കോംപ്ലക്സ് പരിമിതികളാൽ വീർപ്പ് മുട്ടുന്നു. 2005ൽ പ്രവർത്തനം ആരംഭിച്ച കോർട്ട് കോംപ്ലക്സാണ് നവീകരണമില്ലാതെ പരിമിതികൾ നേരിടുന്നത്. ജുഡീഷ്യൽ ഓഫീസർമാർക്കായി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ എല്ലാം കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലാണ്. കോടതി വളപ്പിലുള്ള ടോയ്ലെറ്റുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു.
ദിശാസൂചക ബോർഡില്ലാത്തത് കോടതിയിലെത്തുന്ന കക്ഷികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മഴക്കാലത്ത് ചെളിക്കുളമാകുന്ന കോർട്ട് കോംപ്ലക്സ് വളപ്പിൽ തറയോട് പാകണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. അനധികൃത പാർക്കിംഗ് പാടില്ലെന്ന ബോർഡുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. കുടുംബ കോടതിയിൽ വിചാരണയ്ക്ക് കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കു വേണ്ടി പണിത മുലയൂട്ടൽ കേന്ദ്രം ഇനിയും തുറക്കാൻ നടപടിയായിട്ടില്ല. കുടുംബകോടതിയുടെ കൗൺസലിംഗ് കേന്ദ്രത്തിലും പൊതുവായുള്ള മീഡിയേഷൻ സെന്ററിലുമെത്തുന്ന കക്ഷികൾ തമ്മിൽ പലപ്പോഴും വാക്കേറ്റവും സംഘർഷവും ഉണ്ടാവാറുണ്ട്. ഇത് ഒഴിവാക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇവിടെ നിയമിക്കണമെന്ന ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല.
സ്ഥലപരിമിതി
രണ്ട് പ്രധാനപ്പെട്ട കോടതികളിൽ ഒന്നായ പോക്സോ കോടതി മിനി സിവിൽ സ്റ്റേഷന് എതിർവശത്തും 7-ാം കോടതി അക്ഷയ കോംപ്ലക്സിലുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർമാരുടെ ഓഫീസും പുറത്താണ്. ബാർ അസോസിയേഷൻ പ്രവർത്തിച്ചിരുന്ന ഹാൾ കുടുംബ കോടതിക്കായി നൽകിയെങ്കിലും പകരം സംവിധാനമുണ്ടായിട്ടില്ല. വർഷങ്ങളായി അടഞ്ഞുകിടന്ന കാന്റീൻ ആഴ്ചകൾക്കു മുൻപ് തുറന്ന് പ്രവർത്തിക്കാനായതും കോടതി പരിസരം നഗരസഭ അധികൃതരെക്കൊണ്ട് വൃത്തിയാക്കാൻ കഴിഞ്ഞതും എസ്റ്റേറ്റ് ഓഫീസറായി ചുമതല വഹിക്കുന്ന എം.എ.സി.ടി ജില്ലാ ജഡ്ജി കവിതാ ഗംഗാധരന്റെ മിടുക്കായി കാണുകയാണ് ജീവനക്കാരും മറ്റുള്ളവരും.
ആവശ്യങ്ങൾ
ജീർണിച്ച ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റി, അവിടെ ബഹുനില മന്ദിരം നിർമ്മിക്കാനായാൽ എല്ലാ കോടതിയും കോർട്ട് കോംപ്ലക്സിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. അതോടെ പാർക്കിംഗിനും സ്ഥലം കണ്ടെത്താം. ജുഡീഷ്യൽ ഓഫീസർമാർക്ക് ക്വാർട്ടേഴ്സിനായി കോടതി സമുച്ഛയത്തിന് സമീപത്തായി ഒരു വില്ലാ പ്രോജക്ടോ,അപ്പാർട്ട്മെന്റോ നിർമ്മിക്കാൻ നടപടി വേണം. 18 വർഷം പിന്നിട്ട കെട്ടിടം മെയിന്റനൻസ് നടത്തണം. കോടതി ദിനങ്ങളിൽ പൊതുനിരത്തിലെ പാർക്കിംഗ് ഒരു വെല്ലുവിളിയായി മാറുന്നതിനാൽ അടിയന്തരമായി പരിഹാരം കാണാൻ നഗരസഭ അധികൃതർ തയ്യാറാവണം.