
കല്ലമ്പലം: കല്ലമ്പലം ജംഗ്ഷൻ കേന്ദ്രീകരിച്ച് തെരുവുനായ ശല്യം രൂക്ഷം.കാൽനടയാത്രികരുടെയും വാഹനങ്ങളുടെയും പിറകെ അക്രമാസക്തരായി കുരച്ചുകൊണ്ട് പാഞ്ഞെത്തുന്ന നായ്ക്കൂട്ടം അപകടത്തിന് കാരണമാകുകയാണ്.കഴിഞ്ഞ മാസം പത്തോളം പേർക്കാണ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.പുലർച്ചെ കല്ലമ്പലം ജംഗ്ഷനിൽ ഇറക്കുന്ന പത്രക്കെട്ടുകളും കടിച്ചു കീറി നശിപ്പിക്കുകയാണ്.ചെറിയ കെട്ടുകൾ കടിച്ചുതൂക്കികൊണ്ടുപോയി ഇവ എവിടെയെങ്കിലും ഉപേക്ഷിക്കും. കൂടാതെ പത്രങ്ങളിൽ വിസർജിക്കുന്നതിനാൽ വിതരണം ചെയ്യാനും കഴിയാറില്ല.ജംഗ്ഷനിൽ നിത്യേന നായകളുടെ എണ്ണം പെരുകുകയാണ്.പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമായതാണ് നായ്ക്കളുടെ ശല്യം പെരുകുന്നതിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മറ്റിടങ്ങളിൽ നിന്ന് കല്ലമ്പലത്ത് നായ്ക്കളെ കൊണ്ടുവന്നു തള്ളുന്നതും പതിവായെന്ന് ഇവർ പറയുന്നു.