photo

പാലോട്: പരിശോധനകളിൽ ഇളവ് വന്നതോടെ മലയോരമേഖലയിൽ രാത്രികാല മാലിന്യം തള്ളൽ പതിവായി. വലിയ താന്നിമൂടിന് സമീപം അറവുമാലിന്യം തള്ളൽ പതിവായതോടെ ദുർഗന്ധം മൂലം ഇതുവഴി നടക്കാൻ കഴിയാത്ത സാഹചര്യമാണ്. പാണ്ഡ്യൻപാറ മുതൽ സുമതി വളവുവരെയുള്ള റോഡിൽ അർദ്ധരാത്രിയോടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നതായാണ് പരാതി. പാലോട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിൻ ഉത്പാദന കേന്ദ്രവുമുള്ള പ്രദേശം കൂടിയാണ് ഇവിടം. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നുമാണ് മാലിന്യം ചാക്കിലാക്കി കൊണ്ടിടുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

പകർച്ചവ്യാധികൾക്ക് സാദ്ധ്യത

മഴ പെയ്തു തുടങ്ങിയതോടെ മാർക്കറ്റുകളിലെയും ഹോട്ടലുകളിലെയും മാലിന്യം സമീപത്തെ കൈത്തോടുകളിൽ നിക്ഷേപിക്കുന്നത് പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കുന്നു. തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. കള്ളിപ്പാറ,തോട്ടുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന കൈത്തോടുകളിലേക്ക് സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ പോലും രാത്രിയിൽ തുറന്നു വിടുന്നുണ്ട്. ഗ്രാമീണ മേഖലയിലും ആദിവാസി മേഖലകളിലും പനിബാധിതരുടെ എണ്ണവും ക്രമാതീതമായി കൂടുകയാണ്. വൈറൽ പനി കൂടാതെ ഡെങ്കിപ്പനി, എലിപ്പനി ബാധിതരുമുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നവരും കഠിനമായ ക്ഷീണം അനുഭവപ്പെടുന്നവരും പനി ബാധിതരിലുണ്ട്. ആശുപത്രിസൗകര്യങ്ങൾ അപര്യാപ്തമായ സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ അനിവാര്യമാണ്.

തെരുവ് കൈയടക്കി നായ്ക്കളും

പെരിങ്ങമ്മല, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ്, പാലോട് ആശുപത്രി, നന്ദിയോട് മാർക്കറ്റ് തുടങ്ങി ജംഗ്ഷനുകളിലും പച്ച ശാസ്താക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട് എന്നിവിടങ്ങളിലുമായി ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവുനായ ശല്യം രൂക്ഷമാണ്.

കാട്ടുമൃഗങ്ങളുടെ ആക്രമണവും

മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നിയുൾപ്പെടെയുള്ള മൃഗങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മാലിന്യസംസ്കരണ സംവിധാനമില്ലാത്ത അറവുശാലകൾക്കും ഹോട്ടലുകൾക്കുമെതിരെ യാതൊരു നടപടിയുമെടുക്കാതെ അധികൃതർ മൗനം പാലിക്കുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും. അനധികൃതമായി പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.