
വിതുര: കലിയുഗ വരദനായ ശബരിമല ശ്രീധർമ്മശാസ്താവിനെ വണങ്ങി അനുഗ്രഹം വാങ്ങുന്നതിനായി കുട്ടികളും കന്നിഅയ്യപ്പൻമാരുമടക്കം 59 അയ്യപ്പഭക്തന്മാർ വിതുരയിൽ നിന്നും കാൽനടയായി ശബരിമലയിലേക്ക്. 20 വർഷമായി വിതുര ശ്രീമഹാദേവർ - ദേവീ ക്ഷേത്രത്തിൽ നിന്നും പോകുന്ന ഭക്തർ ഒരാഴ്ച കൊണ്ട് സന്നിധാനത്തെത്തും. തുടക്കത്തിൽ രണ്ടുപേർ മാത്രമായിരുന്നു, പിന്നീട് വർഷം തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ മാത്രം യാത്രമുടങ്ങിയിരുന്നു. പോകുന്ന വഴിയിലുള്ള പ്രധാനക്ഷേത്രങ്ങളായ പാലോട് പച്ച ശ്രീധർമ്മ ശാസ്താക്ഷേത്രം, കുന്നിൽമേലാംകോട്ക്ഷേത്രം, കുളത്തൂപ്പുഴബാലശാസ്താക്ഷേത്രം, പുനലൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കോന്നിമഹാദേവക്ഷേത്രം, റാന്നിവിഷ്ണുക്ഷേത്രം എന്നീക്ഷേത്രങ്ങളിലാണ് വിരിവയ്ക്കുന്നത്. കഴിഞ്ഞ വർഷം 71 അയ്യപ്പൻമാർ ഇവിടെ നിന്നു ദർശനത്തിന് പുറപ്പെട്ടിരുന്നു. പാലോട്, മടത്തറ, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, കോന്നി, റാന്നി, കാളകെട്ടി വഴിയാണ് എട്ടാം നാൾ ശബരിമലയിലെത്തുന്നത്. പരമ്പരാഗത രീതിയിൽ എരുമേലിയിൽ പേട്ട തുള്ളലും നടത്തിയ ശേഷമാണ് സന്നിധാനത്തെത്തി ദർശനം നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസിലാണ് മടക്കയാത്ര.