കടയ്ക്കാവൂർ: വിളബ്ഭാഗത്തെ ഒരു പ്രധാന സെന്ററാണ് പ്ലാവഴികം ജംഗ്ഷൻ. അങ്കണവാടി, മങ്കുഴി മാധവൻ മെമ്മോറിയൽ പ്രെെമറി സ്കൂൾ, ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂൾ, ശ്രീ നാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ്, പ്ലാവഴികം എസ്.എൻ.ഡി.പി ശാഖ ഗുരു ക്ഷേത്രം, നെടുങ്ങണ്ട പോസ്റ്റാഫീസ് എന്നിവയെല്ലാം പ്ലാവഴികം ജംഗ്ഷന് സമീപമാണ്. മുന്ന് റോഡുകൾ സന്ധിക്കുന്ന ആ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. രാത്രി സാമൂഹിക വിരുദ്ധരെ ഭയന്ന് കച്ചവടസ്ഥാപനങ്ങൾ പലതും നേരത്തെ അടയ്ക്കും. ഏക ആശ്രമായിരുന്നത് ഈ ജംഗ്ഷനിലുള്ള ഒരു ഹൈമാസ്റ്റ് ലൈറ്റാണ്. ഇത് കത്തിയിട്ട് ഒരു വർഷത്തിൽ കൂടുതലാകും. അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ ചെയർമാൻ പ്ലാവഴികം പ്രസാദ് പറയുന്നത്. പക്ഷെ ലൈറ്റ് പ്രകാശിപ്പിക്കാൻ നടപടിയില്ല. രാത്രി സാമൂഹിക വിരുദ്ധരെ ഭയന്ന് ഈ വഴിയുള്ള യാത്ര പലരും വേണ്ടെന്ന് വെയ്ക്കുകയാണ്. അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.