
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറുടെ തീരുമാനം അന്തിമമാണെന്ന സുപ്രീംകോടതി ഉത്തരവോടെ കേരളത്തിലെ 9 സർവകലാശാലകളിൽ വി.സി നിയമനത്തിന് തടസങ്ങൾ നീങ്ങി.
ചാൻസലർ വെറും സ്ഥാനപ്പേരല്ലെന്നും സുപ്രധാന ചുമതലയുണ്ടെന്നും കണ്ണൂർ വി.സിയെ പുറത്താക്കിയ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ഗവർണർ പലവട്ടം ശ്രമിച്ചെങ്കിലും സെനറ്റ് പ്രതിനിധികളെ നൽകാതെ സർക്കാർ തടയിടുകയായിരുന്നു. ഇനി സെർച്ച് കമ്മിറ്റി രൂപീകരിക്കാനും നിയമനവുമായി മുന്നോട്ടുപോവാനും ഗവർണർക്ക് കഴിയും.
വി.സി നിയമനങ്ങൾ കൈപ്പിടിയിലാക്കാൻ സർക്കാർ കൊണ്ടുവന്ന സെർച്ച് കമ്മിറ്റി വിപുലീകരണ ബിൽ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരിക്കയാണ്.
കേരള, എം.ജി, കുസാറ്റ്, മലയാളം, കാർഷികം, ഫിഷറീസ്, നിയമം, സാങ്കേതികം, കണ്ണൂർ വാഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. ഒരുവർഷത്തിലേറെയായി വി.സി നിയമനത്തിന് ഗവർണർ ശ്രമിക്കുന്നുണ്ട്. ചാൻസലർ, യു.ജി.സി, സെനറ്റ് അല്ലെങ്കിൽ സിൻഡിക്കേറ്റ് പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിലുണ്ടാവേണ്ടത്. എല്ലായിടത്തും സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാത്തതാണ് പ്രശ്നം. മൂന്ന് വാഴ്സിറ്റികളിലെ സെർച്ച് കമ്മിറ്റികളിലേക്കുള്ള പ്രതിനിധികളെ യു.ജി.സി നൽകിയിട്ടും സർക്കാർ ഉടക്കിടുകയായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ തുടങ്ങിയ പ്രതിസന്ധിക്കാണ് സുപ്രീംകോടതി ഉത്തരവോടെ പരിഹാരമായത്.
മലയാളം വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഗവർണർ തടഞ്ഞു.
കേരളയിൽ സെനറ്റ് പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി റദ്ദാക്കി.
മലയാളം വാഴ്സിറ്റിയിൽ സർക്കാർ സെർച്ച് കമ്മിറ്റിയുണ്ടാക്കി പ്രതിനിധിയെ നൽകാൻ ഗവർണറോട് ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയില്ല.
സെനറ്റ് പ്രതിനിധിയെ
ചോദിച്ചു വാങ്ങാം
സർവകലാശാലാ നിയമപ്രകാരം സെർച്ച് കമ്മിറ്റികളിൽ സെനറ്റ് പ്രതിനിധി നിർബന്ധമാണ്. പ്രതിനിധിയെ നൽകാൻ സെനറ്റ് തയ്യാറല്ല. സുപ്രീംകോടതി ഉത്തരവോടെ, ഗവർണർക്ക് സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെടാം.
വി. സിയെ നിയമിക്കാൻ മാത്രമാണ് ഗവർണർക്ക് അധികാരമെന്നും അപേക്ഷ ക്ഷണിക്കുന്നതും പാനലുണ്ടാക്കുന്നതും സർക്കാരാണെന്നുമാണ് സർക്കാർ വാദിച്ചത്. ചാൻസലറുടെ തീരുമാനം അന്തിമമാണെന്ന സുപ്രീംകോടതി ഉത്തരവോടെ ഇത് പൊളിഞ്ഞു.
''മറ്റാരുടെയെങ്കിലും താത്ൽപര്യത്തിന്റെയോ ആജ്ഞയുടെയോ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് നിയമവിരുദ്ധം. ചാൻസലറും സർക്കാരുമായി കൃത്യമായ വേർതിരിവ് നിയമത്തിലുണ്ട്.''
-സുപ്രീംകോടതി ഉത്തരവിലുള്ളത്