
ആറ്റിങ്ങൽ: നിരവധി വാഹനാപകടങ്ങൾക്ക് കാരണമായ ആറ്റിങ്ങലിലെ ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ നടപടി തുടങ്ങി. നവംബർ 3ന് 'ദേശീയപാതയിൽ കുഴി എണ്ണാം' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനു സമീപം മാർക്കറ്റ് റോഡ് തുടങ്ങുന്ന ഭാഗത്തെ രണ്ട് വലിയ കുഴികളാണ് മൂടുന്നത്. മൂന്നടിയോളം നീളമുള്ള ഈ കുഴികളിൽ ഇന്നലെ ടാർ മിക്സ് നിറച്ച് സഞ്ചാരയോഗ്യമാക്കിയിരുന്നു.
ദേശീയപാതയിലെ ഈ കുഴികളിൽ രാത്രി ഇരുചക്ര വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവായിരുന്നു. രണ്ടുദിവസം മുൻപ് ബൈക്കിൽ വന്ന ദമ്പതികൾ കുഴിയിൽ വീണിരുന്നു. ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗത്ത് രണ്ടു തവണകളായി അനുവദിച്ച 33 കോടി രൂപ ചെലവഴിച്ചാണ് നാലുവരിപ്പാതയാക്കിയത്.
3.1 കിലോമീറ്റർ ദൂരമുള്ള റോഡിൽ നിറയെ കുഴികളാണ്.ഇതിലെ വലിയ കുഴികൾ മാത്രം അടയ്ക്കാനാണ് അധികൃതരുടെ നീക്കം. എന്നാൽ കച്ചേരി ജംഗ്ഷനിലെ യു ടേൺ എടുക്കുന്ന ഭാഗത്തെ കുഴി മൂടാൻ ഇനിയും നടപടിയുണ്ടായിട്ടില്ല.