
ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം ആന്റണിയെ മാസ് സിനിമ എന്ന് പൂർണമായും വിശേഷിപ്പിക്കാം. ആക്ഷനും ഇമോഷനും ഒരേ പോലെ പ്രാധാന്യമുള്ള കുടുംബ ചിത്രത്തിൽ ജോജു ജോർജാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവറാൻ സിറ്റി എന്ന ഹൈറേഞ്ചിലെ സാങ്കല്പിക പ്രദേശാണ് കഥാഭൂമി.
അവിടെ സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും കണ്ണിലുണ്ണിയാണ് പുറമെ പരുക്കൻ സ്വഭാവക്കാരനായ ആന്റണി. പരുക്കൻ സ്വഭാവം ആന്റണിക്ക് എങ്ങനെ വന്നു എന്നത് കുട്ടിക്കാലം മുതൽ അയാളെ അറിയുന്നവർക്ക് അറിയാം. ആന്റണിയുടെ ജീവിതത്തിൽ അവിചാരിതമായ പല മാറ്റങ്ങൾ സംഭവിക്കുന്നു. ആ മാറ്റങ്ങളാണ് ആന്റണി പറയുന്നത്. വൻ താരനിരയിലാണ് പതിവു പോലെ ഈ ജോഷി ചിത്രവും.ജോജുവിനൊപ്പം കല്യാണി പ്രിയദർശൻ ആണ് കൈയടി നേടുന്ന മറ്റൊരു താരം. മനോഹരമായ കെമസ്ട്രി ജോജു - കല്യാണി കോമ്പിനേഷനിൽ സാധിച്ചിട്ടുണ്ട്. ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത്ത്, ജുവൽ മേരി, ടിനി ടോം, അപ്പാനി ശരത്, ജിനു ജോസഫ്, ശ്രീകാന്ത് മുരളി തുടങ്ങി നീണ്ട താര നിരയുണ്ട്. രാജേഷ് വർമ്മ എന്ന തിരക്കഥാകൃത്ത് രചനയോട് നീതി പുലർത്തിയിട്ടുണ്ട്. രണദിവെയുടെ ഛായാഗ്രഹണം ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതം എല്ലാം മികവു പുലർത്തുന്ന ഘടകങ്ങളാണ്.
നെക്സറ്റൽ സ്റ്റുഡിയോസ് ,അൾട്രാ മീഡിയ എന്റർടെയ്‌ൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമ്മാണം. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.