
തിരുവനന്തപുരം : രണ്ടാംക്ളാസുകാരി അവന്തിക നിറമുള്ള മാലകളും അഴകുള്ള വളകളും കണ്ടിട്ടില്ല. മുത്തോടുമുത്ത് ചേർന്ന പാദസരങ്ങളുടെ കിലുക്കം മാത്രമേ അവൾക്കറിയൂ. കാഴ്ച അന്യമായിപ്പോയ അവളുണ്ടാക്കിയെടുത്ത മാലകളും പാദസരങ്ങളും കമ്മലുകളും കണ്ട് ആൾക്കൂട്ടത്തിലാരോ പതിയെ പറഞ്ഞു, 'നമ്മൾ കൊരുത്താൽ മുത്തുകൾക്കിത്ര അടുപ്പമുണ്ടാവുമോ! '
ഓരോ മുത്തും സ്വന്തം മുഖത്തോട് ചേർത്തുവച്ച് അവൾ കൊരുത്ത മാലകൾ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് അലങ്കാരമായി. പാലക്കാട് കരിമ്പുഴ എച്ച്.കെ.സി എം.എം. ബ്ളൈൻഡ് സ്കൂളിലെ വിദ്യാർത്ഥിനിയായ അവന്തിക എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
പട്ടം സെന്റ് മേരീസ് സ്‌കൂളിലെ വലിയ പന്തലിൽ ഇന്നലെ കാഴ്ച - കേൾവി പരിമിതരായ കുട്ടികൾ വിസ്മയങ്ങൾ തുന്നിയെടുത്തു. ആലുവ സ്‌കൂൾ ഫോർ ബ്ളൈൻഡിലെ ആന്റണി ആൽജിനും രണ്ടാംക്ളാസുകാരനാണ്. കോറപ്പുല്ല് കൊണ്ട് ആന്റണി നെയ്‌തെടുത്ത പായയ്‌ക്ക് പരിമിതികളെ വെല്ലുവിളിക്കുന്ന ഇഴയടുപ്പമുണ്ടായിരുന്നു. അവന്റെ കഴിവ് കണ്ടാൽ ആന്റണിക്ക് കണ്ണുകളെന്തിനെന്ന് ചോദിച്ചുപോയേക്കാം.
കുടനിർമ്മാണത്തിൽ
ഇത്തവണയും
ബിബിത ഒന്നാമത്
കാഴ്ചപരിമിതരായ കുട്ടികളുടെ കുടനിർമ്മാണത്തിൽ തുടർച്ചയായി രണ്ടാംവർഷവും എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി ബിബിത ബാബു. പാലക്കാട് ഹെലൻ കെല്ലർ അന്ധവിദ്യാലയത്തിലെ ഏഴാം ക്ളാസുകാരി ബബിത നിർമ്മിച്ച വർണക്കുടകൾ കമ്പനി കുടകളോട് കിടിപിടിക്കുന്നവയാണ്. ഇതേ സ്കൂളിലെ ഹിബ ഫാത്തിമ ചൂരൽ ഉത്പന്ന നിർമ്മാണത്തിലും അബിനയ പ്ളാസ്റ്റിക് പൂപ്പാത്ര നിർമ്മാണത്തിലും ഒന്നാംസ്ഥാനത്തെത്തി.