parayatthukoonampost

മുടപുരം: പറയത്തുകോണം പോസ്റ്റോഫീസിനു മുന്നിലെ വെള്ളക്കെട്ട് പോസ്റ്റോഫീസിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്നു. മഴക്കാലമായാൽ പിന്നെ പറയുകയും വേണ്ട. ഈ സമയത്ത് നാട്ടുകാർക്ക് പോസ്റ്റാഫീസിൽ ചെല്ലാനോ ഇടപാടുകൾ നടത്താനോ കഴിയുന്നില്ല.

അതിനാൽ വെള്ളക്കെട്ടൊഴുവാക്കാൻ പോസ്റ്റാഫീസിനുമുന്നിൽ കലുങ്ക് നിർമ്മിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. കിഴുവിലം പോസ്റ്റോഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് പറയത്തുകോണം ബ്രാഞ്ച് പോസ്റ്റോഫീസ്. പറയത്തുകോണം കുളത്തിനോടു ചേർന്നുള്ള അരുക്‌ തോടിനോട് ചേർന്നാണ് പോസ്റ്റോഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററും അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്ററും ഇവിടെ ജോലി ചെയ്യുന്നു. 50 വർഷം മുൻപാണ് കിഴുവിലം പോസ്റ്റോഫീസിന് കീഴിൽ പറയത്തുകോണം പോസ്റ്റോഫീസ് പ്രവർത്തനം തുടങ്ങിയത്.

 പ്രവർത്തനം ആരംഭിച്ചത്........ 50 വർഷം മുൻപ്

 സ്വന്തമായി കെട്ടിടം നിർമ്മിച്ചിട്ട്......... 25 വർഷം മുൻപ്

 നാട്ടുകാരുടെ ശ്രമം

വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 25 വർഷം മുൻപ് വാടക കെട്ടിടം കലാപ്പഴക്കത്താൽ തകർന്നപ്പോൾ പോസ്റ്റോഫീസ് നിലനിറുത്തുന്നതിനായി, നാട്ടുകാർ സംഭാവനകൾ സ്വരുക്കൂട്ടി സ്ഥലം വാങ്ങുകയും അതിൽ കെട്ടിടം നിർമിക്കുകയും ചെയ്തു. അന്ന് പോസ്റ്റോഫീസ് കെട്ടിടത്തിനും റോഡിനും ഇടയിലൂടെ പോകുന്ന തോടിനുമുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചിരുന്നു. അതുമൂലം തോട്ടിലെ വെള്ളം ഒഴുകിപോകുന്നതിനും പോസ്റ്റോഫീസിൽ വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ തോട്ടിലൂടെ വന്ന മണ്ണും മാലിന്യങ്ങളും കുന്നുകൂടി വെള്ളം ഒഴുകിപ്പോകാൻ തടസമുണ്ടായി. അങ്ങനെ മഴപെയ്താൽ പോസ്റ്റോഫീസിനു മുന്നിൽ വെള്ളക്കെട്ടുണ്ടാകാൻ തുടങ്ങി.

 നിവേദനവും നൽകി

രണ്ടു മാസം മുൻപുണ്ടായ ശക്തമായ മഴയത്ത് തോട്ടിലൂടെ വന്ന വെള്ളവും കുളം കരകവിഞ്ഞൊഴുകുകയും ചെയ്തപ്പോൾ ഉണ്ടായ വെള്ളം പോസ്റ്റോഫീസിനകത്തും കയറി. ഇതുമൂലം ജീവനക്കാർക്കുപോലും ഉള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയുണ്ടായി. നിലവിൽ മഴപെയ്താൽ പോസ്റ്റോഫീസ് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വെള്ളക്കെട്ടു മാറ്റാൻ കോൺക്രീറ്റ് സ്ലാബിനടിയിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളം ഒഴുകിപ്പോകുന്ന തരത്തിൽ പുതിയ കലുങ്ക് നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ ഗ്രാമപഞ്ചായത്തിന് നിവേദനം നൽകിയെങ്കിലും നിർമാണ പ്രവർത്തനം ഉണ്ടായില്ല.