jadha-udgadanam

ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങളുടെ ഭാഗമായി സിവിൽ സർവീസിൽ അടിച്ചേല്പിക്കപ്പെട്ട പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള നയങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടത് അനിവാര്യമാണെന്ന് വി.ശശി എം.എൽ.എ അഭിപ്രായപ്പെട്ടു. പെൻഷൻ നമ്മുടെ അവകാശം,സിവിൽ സർവീസ് നാടിന് അനിവാര്യം,അഴിമതി നാടിന് അപമാനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട്ടു നിന്നാരംഭിച്ച് ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കുന്ന സിവിൽ സർവീസ് സംരക്ഷണ യാത്രയുടെ ജില്ലാതല പര്യടനം ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘാടകസമിതി ചെയർമാൻ ഡി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ, ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അവനവഞ്ചേരി രാജു, ജാഥാ ക്യാപ്ടന്മാരായ കെ.ഷാനവാസ്‌ ഖാൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ, വൈസ് ക്യാപ്ടന്മാരായ കെ.മുകുന്ദൻ, എം.എസ്.സുഗൈതകുമാരി, ജാഥാ മാനേജർ കെ.പി.ഗോപകുമാർ, സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ.എം.മുഹ്സിൻ, ചെറുന്നിയൂർ ബാബു, മഹിളാസംഘം മണ്ഡലം സെക്രട്ടറി റീന ഗോപൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി, എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം മുകുന്ദൻ ബാബു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ആർ.അക്ഷയ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ജെ.എസ്.ജഗൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ഹരീന്ദ്രനാഥ്, എം.എം.നജീം, എ.ഗ്രേഷ്യസ്, രാജീവ് കുമാർ, ഡി.ബിനിൽ,എൻ.കൃഷ്ണകുമാർ, എസ്.പി.സുമോദ്, ബിന്ദുരാജൻ, എം.സി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

കാൽനടജാഥ ആറ്റിങ്ങൽ മുതൽ വെഞ്ഞാറമൂട് വരെ പ്രയാണം നടത്തി. വാളക്കാട് ജംഗ്ഷനിൽ ജാഥയ്ക്ക് സ്വീകരണം നൽകി. ജോയിന്റ് കൗൺസിൽ നന്മ സാംസ്‌കാരിക വേദിയിലെ കലാകാരന്മാർ ചിട്ടപ്പെടുത്തിയ വെയിൽ കൊള്ളുന്നവർ എന്ന തെരുവ് നാടകം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. ഏഴിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ സിവിൽ സർവീസ് സംരക്ഷണ യാത്ര സമാപിക്കും.