
കഴക്കൂട്ടം: കഠിനംകുളത്ത് വളർത്തുനായയുടെ കടിയേറ്റ് 78കാരി ഉൾപ്പെടെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ വെട്ടുതുറ വാർഡിൽ സെമിത്തേരിക്കു സമീപം ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം.
വെട്ടുതുറ കടൽത്തീരത്ത് താമസക്കാരായ പൗളിൻ ലോപ്പസ് (78), മകൻ ജെറാൾഡ് ലോപ്പസ് (56), മരുമകൻ ഫെലിക്‌സ് പെരേര (55), അയൽവാസികളായ റിമോളി (47), ലീല (60) എന്നിവർക്കാണ് പരിക്കേറ്റത്. പൗളിന്റെ ഇടതുകൈയുടെ തള്ളവിരൽ അറ്റുമാറിയ അവസ്ഥയിലാണ്. ജെറാൾഡ് ലോപ്പസിന്റെ ഇരു കൈത്തണ്ടകളിലും ഗുരുതര പരിക്കുണ്ട്. പരിക്കേറ്റവരെ ആദ്യം പുത്തൻതോപ്പ് സർക്കാർ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയുടെ കടിയിൽ വിരൽ നഷ്ടപ്പെടുകയും ശരീരമാസകലം ഗുരുതര പരിക്കേൽക്കുകയും ചെയ്‌ത പൗളിൻ ലോപ്പസിനെയും മറ്റൊരാളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെട്ടുതുറ സ്വദേശി ജോസഫിന്റെ വളർത്തുനായ അടുത്ത വീടിന് മുന്നിലിരുന്ന പൗളിൻ ലോപ്പസിനെയാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് ഇവരുടെ മകനെയും സമീപവാസികളായ മറ്റ് മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. തെങ്ങിൽ കെട്ടിയിരുന്ന നായ കെട്ട് പൊട്ടിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. നിരവധി നായ്‌ക്കളെയും വളർത്തുനായ ആക്രമിച്ചു.