
തിരുവനന്തപുരം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിൽ, കാലിക പ്രസക്തിയുള്ള കണ്ടുപിടിത്തവുമായാണ് കോഴിക്കോട് കിനാശേരി വി.എച്ച്.എസ്.ഇയിലെ പ്ലസ്ടു വിദ്യാർത്ഥികൾ ശാസ്ത്രമേളയിലെ വൊക്കേഷണൽ എക്സ‌്പോയിൽ എത്തിയത്. ഏത് പാതിരാത്രിയും സ്ത്രീകൾക്കും കുട്ടികൾക്കും കൈയിൽ കരുതാവുന്ന സ്വയരക്ഷാ യന്ത്രം! കണ്ടാൽ ടോർച്ച് ആണെന്ന് തോന്നും. നിർമ്മിച്ചിരിക്കുന്നത് സാധാരണ പി.വി.സി പൈപ്പുകൊണ്ട്. എന്നാൽ പുറത്തെ സ്വിച്ചുകൾക്കെല്ലാം ഓരോ പ്രത്യേകതകളുണ്ട്.
രാത്രിയിൽ തന്റെ വല്ല്യമ്മയുടെ മകളെ ഒരാൾ ശല്യപ്പെടുത്തിയപ്പോഴാണ് ടി.പി.അഥിത്തിന് ഇങ്ങനൊരു ആശയം മനസിലുദിച്ചത്. സുഹൃത്ത് പി.അഭിലാഷുമായി ചേർന്ന് ശാസ്ത്രമേളയ്ക്കായി കണ്ടുപിടിത്തം നടത്തി. പൈപ്പിനുള്ളിൽ ഒരു സർക്യൂട്ട് ഒരുക്കി. ആദ്യത്തെ സ്വിച്ച് അമർത്തിയാൽ ടോർച്ച് പോലെ ലൈറ്റ് കത്തും. ആരെങ്കിലും ആക്രമിച്ചാൽ രണ്ടാമത്തെ സ്വിച്ച് അമർത്തണം. പൈപ്പിന്റെ ഒരുവശത്തെ വയറിൽ നിന്ന് 111 വോൾട്ട് കറണ്ട് പുറത്തുവരും. ഇതോടെ അക്രമി തെറിച്ചുപോകും. അഡ്രിനോ ഐ.ഡി സോഫ്റ്റ്‌വെയറിലൂടെ വേണ്ടപ്പെട്ടവരുടെ ഫോണുമായി ബന്ധിപ്പിക്കാം. ഇതിലൂടെ ലൊക്കേഷൻ അറിയാനാവും. അപായ സൂചന ലഭിച്ചാൽ ഫോണുകളിലേക്കും സൈബർ സെല്ലിലേക്കും സന്ദേശങ്ങൾ അയയ്ക്കും. പത്തുദിവസം എടുത്താണ് പൂർത്തിയാക്കിയത്. ജില്ലാതലത്തിൽ ഇവർക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത് എൽ.ഇ.ഡി ഡിസ്‌പ്ലേ എന്ന കണ്ടുപിടിത്തമായിരുന്നു. ചെലവായത് വെറും 800 രൂപ. വലിയരീതിയിൽ വികസിപ്പിക്കാനാണ് ഇവരുടെ മോഹം.