മലയിൻകീഴ്: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി,ഒപ്പം,കൂട്ട്,കാർബൺ ന്യൂട്രൽ കാട്ടാക്കട,കെ.ഐ.ഡി.സി,കാട്ടാൽ എഡ്യൂകേയർ എന്നീ പദ്ധതികളുടെ ഭാഗമായി ഇന്ന് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി "സ്റ്റുഡന്റ് കോൺക്ലേവ്" സംഘടിപ്പിക്കും.നിയമസഭാ പ്രവർത്തനത്തിന്റെ മാതൃകയിൽ പൂർണമായും വിദ്യാർത്ഥികൾ മന്ത്രിമാരും എം.എൽ.എമാരുമായി സഭാ ചുമതല നിർവഹിക്കുന്ന തരത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

രാവിലെ 9.30 മുതൽ വൈകിട്ട് 3വരെ മലയിൻകീഴ് ബാങ്ക് ഓഡിറ്റോറിയത്തിൽ

നടക്കും.കോൺക്ലേവിനോടനുബന്ധിച്ച് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാമത്സരവും ശാസ്ത്രോത്സവത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ശാസ്ത്ര എക്സിബിഷനും ഫോട്ടോപ്രദർശനവും ഉണ്ടാകും.കോൺക്ലേവിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് നവകേരള സൃഷ്ടിക്ക് മുതൽ കൂട്ടാകുന്ന ആശയ സ്വരൂപണവും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകും.പരിപാടിയുടെ സമാപന സെഷനിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ,കവി മുരുകൻ കാട്ടാക്കട എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.നവകേരള രൂപീകരണത്തിൽ പുതുതലമുറയുടെ പങ്കാളിത്തവും ആശയങ്ങളും ഉൾപ്പെടുത്തുന്നതിനും, മണ്ഡലത്തിലും കേരളത്തിലാകെയും നടന്നു വരുന്ന പദ്ധതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.