gov

സുപ്രീംകോടതിയിൽ സർക്കാരിന്റെ കേസിനാധാരമായ എട്ട് ബില്ലുകളിൽ ഏഴെണ്ണം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത് ഗവർണറുടെ തന്ത്രമായി വിലയിരുത്തപ്പെടുന്നു. സർക്കാരിന്റെയോ നിയമസഭയുടെയോ ശുപാർശയില്ലാതെ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാനാവില്ലെന്നിരിക്കെയാണ് ഏഴെണ്ണം അയച്ചത്. വിവാദമായ ലോകായുക്ത, ചാൻസലേഴ്സ് ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്. ബില്ലുകൾ കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാൻ രാഷ്ട്രപതിക്ക് കൈമാറാൻ നിയമസഭയോ നിയമസെക്രട്ടറിയോ ശുപാർശ ചെയ്യേണ്ടതുണ്ട്. 7ബില്ലുകളിലും അത്തരമൊരു ശുപാർശയില്ല. മാത്രമല്ല, നിയമഭേദഗതിക്ക് നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ഇവയൊന്നും കേന്ദ്രനിയമത്തിന് വിരുദ്ധമല്ലെന്നും ബില്ലുകൾക്കൊപ്പം നിയമസെക്രട്ടറി പ്രത്യേക കുറിപ്പും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവ രാഷ്ട്രപതിക്ക് അയയ്ക്കാനാവില്ലെന്നായിരുന്നു ഗവർണർക്ക് നേരത്തേ നിയമോപദേശം കിട്ടിയത്.

എന്നാൽ, കേസിൽ കുടുങ്ങിയതിൽ 7ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിലൂടെ, സുപ്രീംകോടതിയിലെ കേസിൽ വൻ തിരിച്ചടിയേൽക്കാതെ രക്ഷപെടാൻ ഗവർണർക്കായി. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലുകളിൽ നിയമപോരാട്ടം സാദ്ധ്യമല്ല. ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെയോ നിയമവകുപ്പിന്റെയോ സർട്ടിഫിക്കറ്റ് സഹിതമായിരിക്കണമെന്നാണ് ചട്ടം. രാഷ്ട്രപതിയുടെ പരിഗണയ്ക്ക് വിടാനുള്ള കാരണമെന്താണെന്ന് വിശദമാക്കുന്ന മെമ്മോറാണ്ടവും അതോടൊപ്പമുണ്ടാവണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഗവർണർ ബില്ലുകൾ അയച്ചത്. അവിടത്തെ പരിശോധനയ്ക്ക് ശേഷമാവും ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക. സർക്കാരിന്റെ ശുപാർശയില്ലാതെ ബില്ലുകൾ അയച്ചാൽ നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം അവ പരിഗണിക്കാതെ തിരിച്ചയയ്ക്കും. കേസിന്റെ പശ്ചാത്തലത്തിൽ തിരിച്ചയയ്ക്കൽ ഉടനുണ്ടാവില്ല. അപ്പോഴേക്കും കേസ് അവസാനിച്ചിരിക്കും.

നേരിട്ട് അയക്കാവുന്ന ബിൽ

രാജ്യസുരക്ഷ, ഹൈക്കോടതിയുടെ അധികാരത്തിൽ മാറ്റം, ഭരണഘടനാ തത്വങ്ങളുടെ ലംഘനം, ദേശീയ പ്രാധാന്യം എന്നിവയടങ്ങിയ ബില്ലുകൾ ഗവർണർക്ക് നേരിട്ട് രാഷ്ട്രപതിക്കയയ്ക്കാം. പക്ഷേ ഈ ഏഴെണ്ണം അത്തരത്തിലുള്ളതല്ല. ഈ ബില്ലുകൾ നിലവിലെ നിയമങ്ങളുടെ ഭേദഗതിയാണെന്നും ഇത് സംസ്ഥാനത്തിന്റെ അധികാരമാണെന്നുമാണ് സർക്കാർ നിലപാട്. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബില്ലുകൾ കേന്ദ്രആഭ്യന്തര സെക്രട്ടറിക്കാണ് ഗവർണർ കൈമാറിയത്. ബില്ലുകൾ സ്പീഡ്പോസ്റ്റിലും സ്കാൻചെയ്ത പകർപ്പുകൾ ഇ-മെയിലായും അയച്ചു. ഗവർണറുടെ നിർദ്ദേശപ്രകാരമെന്ന് സൂചിപ്പിച്ച് സെക്രട്ടറിയാണ് ഇവ അയച്ചത്. സർവകലാശാല നിയമ ഭേദഗതി 2 ബില്ലുകൾ, ലോകായുക്ത നിയമഭേദഗതി, ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നൊഴിവാക്കാനുള്ള 2 ബില്ലുകൾ, വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനുള്ള ബിൽ, സഹകരണ സൊസൈറ്റി ഭേദഗതി ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.

ബില്ലുകൾ രാഷ്ട്രപതിക്കയച്ച

ചരിത്രം കേരളത്തിനില്ല

ഗവർണർ സ്വമേധയാ ബിൽ രാഷ്ട്രപതിക്കയച്ച ചരിത്രം കേരളത്തിൽ മുൻപ് ഉണ്ടായിരുന്നില്ല. സർക്കാർ ശുപാർശചെയ്ത ബില്ലുകൾ മാത്രമേ ഗവർണർമാർ രാഷ്ട്രപതിക്ക് മുൻപ് അയച്ചിട്ടുള്ളൂ. കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാൻ രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന് നിയമവകുപ്പ് ശുപാർശ നൽകാറാണ് പതിവ്. ഇനി ഒപ്പിടാനുള്ള ബില്ലുകൾക്കൊപ്പം അത്തരമൊരു ശുപാർശയില്ല. ബില്ലുകളിൽ പലതും മുൻപുള്ള നിയമങ്ങളുടെ ഭേദഗതിയാണെന്നും ഇത് സംസ്ഥാനത്തിന്റെ അധികാരമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഗവർണർ അയച്ച ബില്ലുകളിൽ രാഷ്ട്രപതി സ്വന്തം നിലയിൽ തീരുമാനമെടുക്കാറില്ല. കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടുകയാണ് പതിവ്. ഗവർണർക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ല. അതിനാൽ ബിൽ ഡൽഹിയിൽ കുടുങ്ങിയേക്കും. കേന്ദ്രം അഭിപ്രായമറിയിക്കാതിരുന്നാലും തുടർനടപടിയുണ്ടാവില്ല.

ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകൾ മറികടക്കാൻ ഉദ്ദേശിച്ചുള്ളതുമായ ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതെന്നാണ് ഗവർണർ പറയുന്നത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ,ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ,ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാ ജഡ്ജിയെ സർക്കാരിന് നിയമിക്കാനാവുന്ന വാഴ്സിറ്റി ട്രൈബ്യൂണൽ ബിൽ, സർക്കാരിന്റെ ഇഷ്ടക്കാർ വി.സിയാക്കാനുദ്ദേശിച്ച് സെർച്ച്കമ്മിറ്റി അഞ്ചംഗങ്ങളുടേതാക്കുന്ന ബിൽ എന്നിവയിൽ രാഷ്ട്രപതി തീരുമാനമെടുക്കട്ടെയെന്നാണ് ഗവർണറുടെ വാദം. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പാണ് ബില്ലിലൂടെ ഭേദഗതി ചെയ്യുന്നത്.

ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണി

ബിൽ നിയമമായാൽ ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ. നിയമസഭയിലെ ഭൂരിപക്ഷം വച്ച് ലോകായുക്തയുടെ ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കപ്പെടാം. 1999ൽ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചത്. ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്നാണ് ഗവർണറുടെ നിലപാട്. സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ചാൻസലേഴ്സ് ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കുമെന്ന് ഗവർണർ നേരത്തേ പറഞ്ഞിരുന്നു.