
തിരുവനന്തപുരം: ആനുകൂല്യങ്ങൾ യഥാസമയം നൽകാതെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ അനിശ്ചിതകാല ചട്ടപ്പടി സമരം തുടങ്ങി. രോഗീപരിചരണത്തെ സമരം ബാധിച്ചില്ല. അത്യാഹിത വിഭാഗവും ഒ.പികളും വാർഡിലെ ചികിത്സയും പതിവുപോലെ നടന്നു. ശസ്ത്രക്രിയകളും മുടങ്ങിയില്ല.
എന്നാൽ, അവലോകന യോഗങ്ങൾ, വി.ഐ.പി ഡ്യൂട്ടി എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്‌കറും സെക്രട്ടറി ഡോ. റോസ്‌നാര ബീഗവും അറിയിച്ചു.