തിരുവനന്തപുരം: ജോലി സ്ഥിരപ്പെടുത്തലടക്കമുള്ള ആവശ്യങ്ങളുമായി ഭിന്നശേഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ എം.ജി റോഡ് മണിക്കൂറുകൾ ഉപരോധിച്ചു. താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സമരം. രാവിലെ 11ന് 100ലേറെ പ്രവർത്തകരാണ് എം.ജി റോഡിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ ഭാഗം 7.5 മണിക്കൂർ ഉപരോധിച്ചത്. സമരം മുൻ എം.എൽ.എ സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.

അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താൽ വിഷയം വഷളാകുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് സെക്രട്ടേറിയറ്രിന് മുന്നിലെ പൊലീസുകാർ അനുനയ സമീപനമാണ് സ്വീകരിച്ചത്. ഇരുവശത്തേക്കുമുള്ള റോഡിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം താറുമാറായി. യാത്രക്കാർ വഴി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ കൂട്ടാക്കിയില്ല. തുടർന്ന് യാത്രക്കാരും സമരക്കാരുമായി വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടാണ് യാത്രക്കാരെ കടത്തിവിട്ടത്. അതിനിടെ ചില സമരക്കാർ റോഡിൽ കിടന്നും കൈകൾ കോർത്തുപിടിച്ച് നിന്നും പ്രതിഷേധിച്ചു.

ഒരു മണിക്കൂർ പണിപ്പെട്ടാണ് ഗതാഗതം മറ്റ് വഴികളിലൂടെ ഒരുവിധം പുനസ്ഥാപിച്ചത്. ഉച്ചയ്‌ക്ക് മഴ പെയ്തെങ്കിലും പ്രവർത്തകർ പിൻമാറിയില്ല. വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞ് ഇറങ്ങിയ വാഹനങ്ങളുടെ തിരക്ക് നഗരത്തെ മുഴുവനായി ഗതാഗതക്കുരുക്കിലാക്കി. സെക്രട്ടേറിയറ്രിലേക്കുള്ള വാഹനങ്ങൾ പൊലീസ് പാളയത്തു നിന്ന് തിരിച്ചുവിട്ടു. വൈകിട്ട് 5 മുതൽ പ്രതിഷേധക്കാർ അയഞ്ഞതോടെ ഇരുചക്രവാഹനവും കാറുകളും കടത്തിവിട്ടു. യാത്രക്കാരുടെ പരാതി കൂടിയതോടെ കന്റോൺമെന്റ് എസ്.എച്ച്.ഒ ഷാഫിയുടെ നേതൃത്വത്തിൽ സമരക്കാരുമായി അനുനയ ചർച്ച നടത്തി. ഒടുവിൽ വൈകിട്ട് 6.30ന് സമരം അവസാനിപ്പിച്ചു. തുടർന്ന് സെക്രട്ടേറിയറ്റിലെ പ്രധാന ഗേറ്റിന് മുന്നിലിരുന്ന് സമരം ആരംഭിച്ചു. ഇതിനിടെ രണ്ട് പ്രവർത്തകർക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമരം ഇന്നും തുടരും

സർക്കാർ തങ്ങളുടെ നിർദ്ദേശത്തിന് ഉറപ്പു നൽകുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊലീസും സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് സമരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഭിന്നശേഷി കൂട്ടായ്മയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു .ടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബാബു പത്തനംതിട്ട, വൈസ് പ്രസിഡന്റ് മുസ്തഫ, ജോയിന്റ് സെക്രട്ടറി രേഷ്മ പ്രിയ കണ്ണൂർ, ട്രഷറർ സന്തോഷ് ബാലരാമപുരം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.