general

പാറശാല: രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കാരോട് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ആർ.സി.സി, പാറശാല താലൂക്ക് ആശുപത്രി, പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ശ്രീ മൂകാംബിക മെഡിക്കൽ കോളേജ്, പാറശാല സരസ്വതി ആശുപത്രി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകളും ചികിത്സയും നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്‌.കെ.ബെൻ ഡാർവിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാരോട് പഞ്ചായത്തിലെ പൊറ്റയിൽക്കട സെന്റ് ആന്റണി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.മിനി,​ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.വിനിതകുമാരി, എസ്.ബി.ആദർശ്, ജാസ്മിൻ പ്രഭ, പി.എസ്.മേഘവർണ്ണൻ, എച്ച്.എസ്.ശ്രീതിലകരാജ് തുടങ്ങിയവർ പങ്കെടുത്തു.