തിരുവനന്തപുരം: സഹപാഠിക്ക് വീട് പണിതുനൽകാൻ ഫുഡ് ഫെസ്റ്റൊരുക്കി പട്ടം സെന്റ്‌ മേരീസ് സ്കൂൾ.സംസ്ഥാന ശാസ്ത്രമേളയുടെ വേദിയായ സ്കൂളിൽ തന്നെയാണ് ഫുഡ് സ്റ്റാളുകൾ ഒരുക്കി അദ്ധ്യാപകരും വിദ്യാർത്ഥികളും കൈകോർക്കുന്നത്. കപ്പ- മീൻകറി,​ കപ്പ- ബീഫ്,ഫ്രൈഡ് റൈസ് - ചിക്കൻകറി,​ബിരിയാണി,​പഫ്‌സ്‌,​ മീറ്റ് റോൾ,​വട- പഴംപൊരി-ചായ,​ഐസ്‌ക്രീം,​ ജ്യൂസ്, ഗോലിസോഡ എന്നിവയാണ് ഫെസ്റ്റിലെ വിഭവങ്ങൾ. സ്കൂളിലെ ഇക്കോ ക്ളബ്,​സോഷ്യൽ സർവീസ് ക്ലബ്,​ എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിലാണിത്. 2004-ൽ ആരംഭിച്ച ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 15 വീടുകൾ നിർമ്മിച്ചു നൽകുകയും അഞ്ച് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് നൽകുകയും ചെയ്തതായി പ്രിൻസിപ്പൽ ഫാ.നെൽസൺ.പി പറഞ്ഞു.അർഹരായ നി‌ർദ്ധന വിദ്യാർത്ഥികൾക്കാണ് വീടുകൾ നൽകുന്നത്.കഴിഞ്ഞവർഷം രണ്ട് വീടുകൾ നിർമ്മിച്ചു നൽകി.സ്കൂളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ ഭാഗമായി ഫുഡ് ഫെസ്റ്റുകൾ നടത്തിയും കുട്ടികൾ ശേഖരിക്കുന്ന വേസ്റ്ര് പേപ്പർ വിൽപ്പനയിലൂടെയും ചാരിറ്റി ധനശേഖരണത്തിലൂടെയുമാണ് പണം കണ്ടെത്തുന്നത്. ക്രിസ്‌മസ് സമയത്ത് കുട്ടികൾ ശേഖരിക്കുന്ന വസ്തുക്കൾ അനാഥർക്കും പാവപ്പെട്ടവർക്കും ക്രിസ്മസ് സമ്മാനമായും നൽകുന്നുണ്ട്.ഗുരുതര രോഗം ബാധിക്കുന്ന നിർദ്ധന വിദ്യാർത്ഥികളുടെ ചികിത്സയ്ക്കായി ചങ്ങാതിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു.