1

പൂവാർ: പണം അപഹരിച്ചെന്ന സംശയത്തിൽ സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി. ആക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടിൽ ശരത്തിന്റെ (19) ഇടതുകണ്ണിന്റെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടു.

സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്ന വീട്ടിൽ അജയ്‌യെ (23) കാഞ്ഞിരംകുളം പൊലീസ് പിടികൂടി.

അജയ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത്ത് മോഷ്ടിച്ചെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളത്ത് പൂക്കൾ വിൽക്കുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും. തിങ്കളാഴ്ച വൈകിട്ട് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലെത്തിക്കാൻ അജയ് ആവശ്യപ്പെട്ടു. തുടർന്ന് ഭക്ഷണവുമായി അജയ്‌യുടെ വീട്ടിലെത്തിയപ്പോൾ ആക്രമിക്കുകയും മരക്കഷ്ണമെടുത്ത് കണ്ണിൽ കുത്തിയെന്നുമാണ് ശരത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. തന്നെ ആക്രമിക്കുന്നതിന്റെ വീഡിയോ അജയ് ഫോണിൽ പകർത്തിയെന്നും ശരത്ത് പറഞ്ഞു.

പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണിന് മാരകമായി പരിക്കേറ്റ ശരത്ത് അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്.