
വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിൽ നവകേരള സദസുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുക. 20 വരെ ജില്ലാ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എല്ലാ സർക്കാർ,എയ്ഡഡ് സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്ന രോഗ പരിശോധനാ ക്യാമ്പ്,ഹയർ സെക്കൻഡറി സ്കൂളുകളിൽ പൊതുജനങ്ങൾക്കായി സൗജന്യ ജലഗുണനിലവാര പരിശോധനാ ക്യാമ്പ്,പട്ടിക ജാതി,പട്ടികവർഗ സങ്കേതങ്ങളായ മൈലമൂട്,പോട്ടമാവ്,ഞാറനീലി എന്നിവിടങ്ങളിൽ വിവിധ ആരോഗ്യ വിഭാഗങ്ങളെ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകളും നടക്കും.
കുടുംബശ്രീ മിഷൻ,ഐസി.ഡി.എസ്,ഹരിത കേരള മിഷൻ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ വനിതാ സാംസ്കാരികോത്സവവും വിളംബര ജാഥയും നവകേരള ജ്യോതി തെളിയിക്കലും നടക്കും. ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും മണ്ഡലത്തിലെ 20 സ്കൂൾ കോളേജ് ലൈബ്രറികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 2 ലക്ഷം രൂപയുടെ പുസ്തകവിതരണവും നടക്കും. യുവജനങ്ങൾക്കായി ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, കബഡി, വടംവലി മത്സരം എന്നിവയും വിവിധ സ്റ്റേഡിയങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
സദസ് നടക്കുന്ന മാണിക്കോട് ക്ഷേത്ര പരിസരത്തെ ഗ്രൗണ്ടിൽ 16 മുതൽ 18 വരെ വിവിധ ഡിപ്പാർട്ടുമെന്റുകളുടേയും സ്ഥാപനങ്ങളുടേയും എക്സിബിഷൻ,സെമിനാറുകൾ,പ്രദർശനങ്ങൾ, ഫുഡ് ഫെസ്റ്റ്,സാംസ്കാരിക പരിപാടികൾ എന്നിവയും
നടക്കും.