
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് സ്കൂളിൽ നടന്ന എച്ച്.എസ് വിഭാഗം ശാസ്ത്രമേളയിൽ താരമായി എ.ഐ ഉപയോഗിച്ച് വാഹനാപകടം കുറയ്ക്കാനുള്ള കണ്ടുപിടിത്തം.തിരുവനന്തപുരം കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഫീദ,ജനത്ത്, എസ്.അദീബ് എന്നിവരാണ് ഇതിനു പിന്നിൽ.ജില്ലാതലത്തിൽ രണ്ടാം സ്ഥാനമായിരുന്നു ഇവർക്ക്. വാഹനത്തിനുള്ളിൽ എ.ഐ സംവിധാനം ഒരുക്കും.നാല് റീച്ചാർജിബിൾ ബാറ്ററി,ഐ.ആർ ഡിറ്റക്ടർ, വൈബ്രേറ്റിംഗ് സെൻസർ തുടങ്ങിയ ഭാഗങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കും.ഡയനാമിക്ക് സ്പീഡ് ഗവർണൻസ് ആൻഡ് സെക്യൂരിറ്റി സിസ്റ്റം എന്നാണ് സംവിധാനത്തിന് കുട്ടികൾ നൽകിയ പേര്. അപടകം സംഭവിച്ചാൽ ഉടൻ സന്ദേശം ബന്ധുക്കൾക്കും പൊലീസിനും ലഭിക്കും.തീപിടിത്തം ഉണ്ടായാൽ സന്ദേശം ഫയർ ഫോഴ്സിന് ലഭിക്കും.ഇനി ഡ്രൈവർ ഉറങ്ങിയാൽ വാഹനം അത് തനിയെ മനസിലാക്കും.പ്രത്യേകതരം സെൻസറാണ് ഇതിന് ഉപയോഗിക്കുന്നത്.ഡ്രൈവറുടെ കണ്ണ് അടഞ്ഞിരുന്നാൽ വാഹനത്തിന് ഡ്രൈവർ മയക്കത്തിലാണെന്ന് മനസിലാവുകയും റോഡിന് ഒരുവശത്തേക്ക് തനിയെ ഒതുക്കി നിറുത്തുകയും ചെയ്യും.നമ്മുടെ നാട്ടിലെ ട്രാഫിക്ക് സിഗ്നലുകളും റോഡിന്റെ ഘടനയും അനുസരിച്ചാണ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്.സ്കൂളുകൾ,ആശുപത്രികൾ, തിരക്കുള്ള ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ ഇത് ഉപകാരപ്പെടും.ഇതിലുള്ള പ്രത്യേകതരം എമർജൻസി ബട്ടൺ സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര സുരക്ഷിതമാക്കും.ആരെങ്കിലും ആക്രമിച്ചാൽ ബട്ടൺ ഞെക്കിയാൽ പൊലീസിന് ഉടൻ സന്ദേശമെത്തും.ബന്ധുക്കൾക്ക് നമ്മുടെ ലൈവ് ലൊക്കേഷൻ മനസിലാക്കാനാവും.അദ്ധ്യാപകരും സുഹൃത്തുക്കളും പിന്തുണച്ചുവെന്നും വലിയ രീതിയിൽ വികസിപ്പിക്കാൻ മോഹമുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.