
തിരുവനന്തപുരം: മരം മുറിക്കാം, മണ്ണ് മാന്താം, വെള്ളം തളിക്കാം, മാലിന്യം കോരിമാറ്റാം, ക്രെയിനായും ഉപയോഗിക്കാം. ഇതിനെല്ലാത്തിനും ഒറ്റവാഹനം മതി. അതാണ് 'നോൾവാസ് ഫൈവ് ഇൻ വൺ ട്രക്ക്". കാസർകോട് ചെർക്കള സെൻട്രൽ ഗവ. എച്ച്.എസ്.എസ് വിദ്യാർത്ഥികളായ പി.സി.മുഹമ്മദ് ഷാമിലും ഇ.എ.അഹമ്മദ് നിബ്റാസുമാണ് ഈ അത്യാധുനിക വാഹനം ഒരുക്കിയത്. നിർമ്മാണ മേഖലയിലെ ചെലവു കുറയ്ക്കാനും അഞ്ചോളം വാഹനങ്ങൾ പ്രത്യേകം പ്രവർത്തിക്കുമ്പോഴുള്ള അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഇരുവരും പറഞ്ഞു. ആശയവും നിർമ്മാണവുമെല്ലാം ഇവർ തന്നെ. വാഹനത്തിന്റെ ഓരോ ഭാഗത്താണ് ക്രെയിൻ, വാട്ടർ സ്പ്രേയർ, എസ്കേവറ്റർ, വുഡ് കട്ടർ തുടങ്ങിയവ സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം ഒന്നിലേറെ പ്രവർത്തനങ്ങൾ നടത്താനാകും. അഞ്ചു ഗിയറുകളും റിവേഴ്സ് ഗിയറുമുണ്ട്. രണ്ട് വാഹനങ്ങളുടെ എൻജിൻ ക്ഷമതയുമുണ്ട്. കഴിഞ്ഞ സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈബ്രിഡ് കാർ മാതൃക ഉണ്ടാക്കി നിബ്സാർ ശ്രദ്ധേയനായിരുന്നു. സ്വയം വികസിപ്പിച്ചെടുത്ത കാർ സതേൺ ഇന്ത്യ സയൻസ് ഫെയറിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.