ajay

തിരുവനന്തപുരം: സംസ്ഥാന സ്‌പെഷൽ സ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ ഉൾക്കണ്ണിന്റെ തിളക്കവുമായി മഹാരാഷ്ട്ര സ്വദേശി അജയ്. ഉപയോഗശ്യൂനമായ തുണിയുപയോഗിച്ച് അജയ് മനോഹരമായ മേശയാണ് നിർമിച്ചത്. കാഴ്ചപരിമിതരുടെ വിഭാഗത്തിൽ പാഴ്‌വസ്തുക്കളിൽ നിന്നുള്ള കരകൗശല നിർമാണത്തിൽ ഈ നാലാം ക്ളാസുകാരൻ മൂന്നാം സ്ഥാനം നേടി.
കോഴിക്കോട് നഗരത്തിൽ നിർമ്മാണ ജോലിക്കെത്തിയ പിതാവിനൊപ്പം നാലുവർഷം മുമ്പാണ് അജയ് കേരളത്തിലെത്തിയത്. പിതാവ് അജയ്‌യെ കോഴിക്കോട് മെഡിക്കൽ കോളജ് റഹ്‌മാനിയ സ്‌കൂൾ ഫോർ ഹാൻഡിക്യാപ്പിഡിൽ ചേർത്തു. അദ്ധ്യാപകനായ നൗഷാദിന്റെ പിന്തുണയിലാണ് കരകൗശല നിർമാണം പഠിക്കുന്നത്. നാല് വർഷത്തിനിടെ ജില്ലാ, സബ്‌ജില്ലാ പ്രവൃത്തി പരിചയമേളകളിൽ സമ്മാനങ്ങൾ നേടി. അടുത്തവർഷം സംസ്ഥാന മേളയിൽ ഒന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് അജയ്.