
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ രണ്ടാംദിവസം ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ നിറഞ്ഞുനിന്നത് ഇന്ത്യയുടെ ചന്ദ്രയാൻ- 3ന്റെ വിജയവും ലാൻഡറിന്റെ സോഫ്‌റ്റ് ലാൻഡിംഗും. കുട്ടി ശാസ്ത്രജ്ഞരുടെയെല്ലാം മനസിൽ ഇപ്പോഴും ചന്ദ്രയാൻ അഭിമാനത്തോടെ നിൽക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇത്. വർക്കിംഗ് മോഡലിൽ ചന്ദ്രയാൻ മൂന്നിന്റെ ചെറുപതിപ്പുകൾ അവതരിപ്പിച്ച വിദ്യാർത്ഥികളേറെ. റോക്കറ്റ് വിക്ഷേപണം മുതൽ ചന്ദ്രനിൽ ഇറങ്ങിയ ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെയുള്ള റോവറിന്റെ സഞ്ചാരം അടക്കമായിരുന്നു മോഡലുകൾ. കണ്ണൂർ എടയണ്ണൂർ ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ജഗത്തും അമേഗും ആദ്യമായാണ് സംസ്ഥാന മേളയിൽ എത്തുന്നത്. ചന്ദ്രയാന്റെ അഭിമാന വിജയമുള്ളപ്പോൾ ആ ആശയത്തിലൂന്നിയല്ലാതെ എന്ത് ശാസ്ത്രമേളയാണെന്നാണ് ഇവരുടെ ചോദ്യം. കൊല്ലം അർക്കന്നൂർ വി.എച്ച്.എസ്.എസിലെ ഇഷാൻ എസ്, അഫ്നാൻ നൗഷാദും ആലപ്പുഴ ഇമ്മാക്യുലേററ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആൽഫിയയും അനുലക്ഷ്മിയും തയ്യാറാക്കിയത് ചന്ദ്രയാൻ തന്നെ. അതേസമയം, കാസർകോട് ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ റിഫ്നയും ദേവികയും ചന്ദ്രയാനിന്റെ സോഫ്റ്റ്‌ലാൻഡിംഗ് മാത്രമായി അവതരിപ്പിച്ചു.
ഭൗമോപരിതലത്തിന്റെ വിദൂര സംവേദനം, നദികളുടെ ഉത്ഭവവും പതനവും ഭൂരുപങ്ങളും, ഭ്രമണം , പരിക്രമണം, ഋതുക്കളുടെ മാറ്റം, പ്രളയ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം, ഡാംസുരക്ഷാ മുന്നറിയിപ്പ് തുടങ്ങിയവയും വർക്കിംഗ് മോഡലിൽ ഇടംനേടി. ഇതിൽ വിദൂര സംവേദനം ആവർത്തനമായിരുന്നു.
മത്സരങ്ങൾക്ക് ശേഷം നിർമ്മിതികളുടെ അന്തിമ മൂല്യനിർണയവും നടന്നു.