kada

കാട്ടാക്കട: കുറ്റിച്ചൽ കോട്ടൂർ എരുമക്കുഴി അനിൽ ഭവനിൽ എം.അനിലിന്റെ ഉടമസ്ഥതയിൽ എരുമക്കുഴിയിൽ പ്രവർത്തിക്കുന്ന ആഷ് ഫർണിച്ചർക്കട കത്തിനശിച്ചു.വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.തീ ആളിപ്പടർന്ന് നിമിഷങ്ങൾക്കുള്ളിൽ തടി,അലമാര,കട്ടിൽ,കസേരകൾ ഉൾപ്പെടെയുള്ളവയും പ്ലൈനർ മെഷീൻ,ഹോളുണ്ടാക്കുന്ന ടിസിൽ മോട്ടിസർ മെഷീൻ,ടേബിൾ സ്വാ, കട്ടർ തുടങ്ങിയവയും പണിയായുധങ്ങളും അഗ്നിക്കിരയായി.30 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഫർണിച്ചർക്കട ഉടമ അനിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുൻ വൈരാഗ്യമാണ് ഫർണിച്ചർ കടയ്ക്ക് തീയിടാൻ കാരണമെന്നും അനിൽ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കാട്ടാക്കട,കള്ളിക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റ് മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഫർണിച്ചർ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ പുരയിടത്തിലെ മരങ്ങൾ അപകടാവസ്ഥയിലാണെന്ന് വസ്തു ഉടമയോട് പലതവണ അനിൽ ആവശ്യപ്പെടുകയും തുടർന്ന് പൊലീസിലും പഞ്ചായത്തിലും അനിൽ പരാതിയും നൽകിയിരുന്നു. ഇതാകാം വൈരാഗ്യത്തിന് കാരണമെന്ന് പറയുന്നു.നെയ്യാർഡാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.