
ഉദിയൻകുളങ്ങര: രണ്ടുപേരെ ആക്രമിച്ച് പണം തട്ടിയെടുത്ത ആറംഗ സംഘത്തിലെ മൂന്നുപേർ പിടിയിൽ. സംഭവത്തിലെ മൂന്നാം പ്രതി അമ്പലം പാലപ്പള്ളി സ്വദേശി ബിജിത് (30),അഞ്ചും ആറും പ്രതികളായ കൊറ്റാമം ആറയൂർ സ്വദേശികളായ അനീഷ് കുമാർ (27), അരുൺ (30) എന്നിവരാണ് പിടിയിലായത്. പാലിയോട് നാറാണിക്കടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് 1,43,000 രൂപയുമായി ബൈക്കിൽ മടങ്ങുകയായിരുന്ന തടി വ്യാപാരി ശ്രീകണ്ഠനേയും ബന്ധു അശോകനേയും അജ്ഞാതരായ ആറംഗസംഘം പാലിയോടിന് സമീപം വച്ച് ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് മൂന്നുപേരെ പിടികൂടിയത്. മറ്റുള്ളവർക്കായി തെരച്ചിൽ ആരംഭിച്ചതായി മാരായമുട്ടം പൊലീസ് പറഞ്ഞു.ഐ.എസ്.എച്ച്.ഒ പ്രസാദ്.വി, ഷാഡോ പൊലീസുകാരായ അജിത്ത്,പ്രവീൺ,ആനന്ദ്,അരുൺ,എസ്.സി.പി.ഒ ബിജു,സി.പി.ഒമാരായ അനീഷ്,നസീബ്,പ്രഗുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.