തിരുവനന്തപുരം: അന്തരിച്ച നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മിക്ക് (87) കലാസാംസ്‌കാരിക ലോകം അന്ത്യാഞ്ജലി അർപ്പിച്ചു.ഇന്നലെ വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ സുബ്ബലക്ഷ്മിയുടെ മൃതദേഹം സംസ്‌കരിച്ചു.
ദുബായിലുള്ള മകൻ കൃഷ്ണമൂർത്തി വെള്ളിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെത്തിയിരുന്നു. അദ്ദേഹമാണ് ശാന്തികവാടത്തിൽ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. മരണാനന്തര കർമങ്ങൾ ഇന്ന് നടക്കും.
വ്യാഴാഴ്ച രാത്രിയാണ് സുബ്ബലക്ഷ്മി മരിച്ചത്. മൃതദേഹം അന്ന് രാത്രിയോടെ ചെറുമകൾ സൗഭാഗ്യ വെങ്കിടേഷിന്റെ മുടവൻമുകൾ പി.കേശവദേവ് റോഡിലെ വസതിയായ കെ.ആർ.എ 31ൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച പകൽ സാമൂഹ്യസാംസ്‌കാരിക മേഖലയിലെ നിരവധി പേർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. അഭിനേതാക്കളായ മണിയൻപിള്ള രാജു,മേനക സുരേഷ്,നന്ദു,ഗായകൻ ജി.വേണുഗോപാൽ,സംവിധായകൻ രാജസേനൻ,താരങ്ങളായ കൃഷ്ണകുമാർ,കിഷോർ സത്യ,അഞ്ചു അരവിന്ദ്,വീണാ നായർ,സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.