
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നാളെ അവസാനിക്കാനിരിക്കെ 311 പോയിന്റുമായി മലപ്പുറം ജില്ല മുന്നിൽ. 302 പോയിന്റുള്ള കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നിൽ. തൃശൂർ (298), കാസർകോട് ( 297) എന്നീ ജില്ലകളാണ് മൂന്നും നാലും സ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം ജില്ല 293 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ്. 50 ഇനങ്ങളിലെ മത്സരം പൂർത്തിയായപ്പോഴുള്ള നിലയാണിത്.
സ്‌കൂൾതലത്തിൽ 52 പോയിന്റുമായി വയനാട് മാനന്തവാടി ഗവ.വി.എച്ച്.എസ്.എസാണ് ഒന്നാമത്. 50 പോയിന്റുമായി പാലക്കാട് ടി.ആർ.കെ.എച്ച്.എസ്.എസ് വണിയാംകുളവും 48 പോയിന്റുമായി ആലപ്പുഴ എം.ഐ.എച്ച്.എസ് പൂങ്കാവും തൊട്ടുപിന്നിലുണ്ട്. സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തി പരിചയമേള, ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിതശാസ്ത്ര, സ്റ്റിൽ,വർക്കിങ് മോഡൽ, ഐടി മേള വിഭാഗങ്ങളിലായിരുന്നു (ഹൈസ്‌കൂൾ) ഇന്നലെ മത്സരം. ഇതേ വിഭാഗങ്ങളിൽ ഇന്ന് ഹയർ സെക്കൻഡറി മത്സരങ്ങൾ നടക്കും. സാമൂഹികശാസ്ത്ര ഐ.ടി മേള കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലും ശാസ്ത്രമേള പാളയം സെന്റ് ജോസഫ് എച്ച്.എസ്.എസിലും ഗണിതശാസ്ത്രം ജി.എം.എച്ച്.എസ്.എസ് സ്‌കൂളിലുമാണ് നടക്കുക. പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് സ്‌കൂളിലാണ് പ്രവൃത്തിപരിചയ മേള. വൊക്കേഷണൽ എക്സപോയും കരിയർ ഫെസ്റ്റും മണക്കാട് ജി.എം.എച്ച്.എസ്.എസ് സ്‌കൂളിലുമാണ് നടക്കുന്നത്.