
തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ടു നടത്തിയ തുടരന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ പ്രതി ഭാഗത്തിന് നൽകാതെ കോടതി മടക്കി.തുടരന്വേഷണത്തിൽ പതിനൊന്ന് സാക്ഷി മൊഴികളും,നാല് രേഖകളും ഉണ്ടായിരുന്നു. കോടതിയിൽ അന്വേഷണ സംഘം പ്രതികൾക്ക് നൽകാൻ കൊണ്ട് വന്ന രേഖകളിൽ സാങ്കേതിക പിഴവ് സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് .തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
.വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് മൂന്നാഴ്ച സമയം നൽകി. ഇതോടെ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് വീണ്ടും കാലതാമസമുണ്ടാകും.മന്ത്രി വി.ശിവൻകുട്ടി,ഇടതു നേതാക്കളായ ഇ.പി.ജയരാജൻ,കെ.ടി.ജലീൽ,കെ.അജിത്,കെ.കുഞ്ഞഹമ്മദ്,സി.കെ.സദാശിവൻ എന്നീ ആറു പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല. 2019ൽ പരിഗണിച്ചു തുടങ്ങിയ കേസിൽ നാല് വർഷമായിട്ടും വിചാരണ ആരംഭിച്ചിട്ടില്ല.2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
ശ്രീനിവാസൻ വധം, പി.എഫ്.ഐ കേസ്
എൻ.ഐ.എയ്ക്കു വിട്ട ഉത്തരവ്
ഹൈക്കോടതി ശരിവച്ചു
പ്രതികളുടെ ഹർജികൾ തള്ളി
കൊച്ചി: പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസും പോപ്പുലർഫ്രണ്ട് നേതാക്കളടക്കം ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണവും എൻ.ഐ.എയ്ക്ക് കൈമാറിയ കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾക്കെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ശ്രീനിവാസൻ വധക്കേസിലെ പ്രതികളും പോപ്പുലർ ഫ്രണ്ട് നേതാക്കളുമായ തിരുവനന്തപുരം സ്വദേശി കരമന അഷറഫ് മൗലവി, പട്ടാമ്പി സ്വദേശി രാഗം അലി തുടങ്ങിയവരാണ് ഹർജികൾ നൽകിയത്.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമില്ലാതെ കേന്ദ്രത്തിന് ഉത്തരവിറക്കാൻ കഴിയില്ലെന്ന് പ്രതികൾ വാദിച്ചെങ്കിലും ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി. പോപ്പുലർഫ്രണ്ട് (പി.എഫ്.ഐ) നേതാക്കളടക്കമുള്ളവർക്ക് ശ്രീനിവാസൻ വധക്കേസിൽ നിർണായക പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് കേസ് എൻ.ഐ.എയ്ക്ക് വിട്ടത്. ഇതിൽ അപാകതയില്ലെന്ന് വിലയിരുത്തിയ കോടതി കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾ ശരിവച്ചു.