
പാറശാല: നിക്ഷേപകരുടെ ഒന്നര കോടിയോളം രൂപ വെട്ടിച്ച് കടന്നുകളഞ്ഞ ബാങ്ക് പ്രസിഡന്റ്,സെക്രട്ടറി എന്നിവരെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാലയ്ക്ക് സമീപം ചെങ്കവിളയിൽ പ്രവർത്തിക്കുന്ന കാരോട് ഫാർമേഴ്‌സ് സഹകരണ സംഘത്തിലെ പ്രസിഡന്റ് സജിത്ത്,സെക്രട്ടറി മനു എന്നിവരാണ് അറസ്റ്റിലായത്.
നൂറിലേറെ നിക്ഷേപകരുടെ നിക്ഷേപത്തുക രേഖകളിൽ തിരിമറി നടത്തി ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
2018ൽ ഉപഭോക്താക്കളിൽ ചിലർ തങ്ങളുടെ നിക്ഷേപം പിൻവലിക്കാനായി സംഘത്തിലെത്തിയപ്പോഴാണ് രേഖകളിൽ തിരിമറികൾ നടത്തി തുക വകമാറ്റിയതായി കണ്ടെത്തിയത്.തുടർന്ന് സംഘം അധികാരികളും നിക്ഷേപകരും നേരിട്ട് കോടതിയിൽ പരാതികൾ സമർപ്പിച്ചെങ്കിലും കേസിൽ ജാമ്യമെടുത്തശേഷം പ്രതികൾ മുങ്ങി നടക്കുകയായിരുന്നു. പ്രതിയാക്കളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. പ്രസിഡന്റ് സജിത് കോൺട്രാക്ട് പണികൾ ഏറ്റെടുത്ത നടത്തുന്നതിനിടെയും സെക്രട്ടറി മനു ഗൾഫിൽ നിന്ന് മടങ്ങിയെത്തിയപ്പോഴുമാണ് പൊലീസിന്റെ പിടിയിലായത്. റിമാൻഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം സംഘത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.